മുന്നറിയിപ്പുമായി ‘അബ്ഷിർ’; ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്
text_fieldsറിയാദ്: ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് യൂസർ നെയിമും പാസ്വേഡും ചോദിച്ച് തട്ടിപ്പ് നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സർവിസ് ആപ്പായ ‘അബ്ഷിർ’. ഡിജിറ്റൽ ഐഡൻറിറ്റി, അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ചോദിക്കുന്നവരോട് ഒരിക്കലും പങ്കുവെക്കരുത്. ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് നടത്തുന്ന ഇത്തരം തട്ടിപ്പ് വിളികളോട് അനുകൂലമായി പ്രതികരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യരുത്.
ഡിജിറ്റൽ ഐഡൻറിറ്റി പിടിച്ചെടുക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനുമുള്ള രഹസ്യ കോഡ് നേടുകയാണ് അവരുടെ ലക്ഷ്യമെന്നും അബ്ഷിർ അധികൃതർ ചൂണ്ടിക്കാട്ടി. യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി എന്നിവ ആരുമായും പങ്കുവെക്കരുത്.
ഏതെങ്കിലും കക്ഷിയുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും ഡേറ്റയുടെ രഹസ്യസ്വഭാവം നിലനിർത്തണമെന്നും എപ്പോഴും ഊന്നിപ്പറയുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സ്വകാര്യത സംരക്ഷിക്കുന്നതിനും വഞ്ചനക്ക് വിധേയരാകാതിരിക്കുന്നതിനും സുരക്ഷിതമല്ലാത്ത സൈറ്റുകൾ സന്ദർശിച്ച് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പിനെതിരെ ഗുണഭോക്താക്കളെ ബോധവത്കരിക്കാൻ ‘അവർ നിങ്ങളെ മുതലെടുക്കരുത്’ എന്ന പേരിൽ അബ്ഷിർ കാമ്പയിൻ തുടരുകയാണ്. ലഭ്യമായ ആശയവിനിയ ചാനലുകൾ വഴി ഉണ്ടായേക്കാവുന്ന തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.