അധികാര ദുർവിനിയോഗം: അൽഉല റോയൽ കമീഷൻ സി.ഇ.ഒയെ സസ്പെൻഡ് ചെയ്തു
text_fieldsറിയാദ്: അഴിമതിയെതുടർന്ന് അൽഉല റോയൽ കമീഷൻ സി.ഇ.ഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ സസ്പെൻഡ് ചെയ്തു. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് (നസഹ) ഇക്കാര്യം അറിയിച്ചത്.
അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയിൽനിന്ന് ക്രമവിരുദ്ധമായി നാഷനൽ കരാറുകൾ നേടിയ ടാലൻറ് കമ്പനിയുടെ ഉടമകളിൽ ഒരാളാണ് അൽമദനി. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാൾ നേടി. അൽഉല റോയൽ കമീഷനിൽ സി.ഇ.ഒയായി നിയമിതനാവും മുമ്പുള്ള ഇടപെടലായിരുന്നു ഇത്. ഇതിന് ശേഷം കമ്പനിയുടെ ഉടമസ്ഥതയിൽനിന്ന് വിട്ടുനിന്നെങ്കിലും കമ്പനിയിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. അൽഉല റോയൽ കമീഷന്റെ പല വകുപ്പുകൾക്ക് കീഴിൽ കരാർ നേടാൻ കമ്പനിയെ ശിപാർശ ചെയ്തു. അതിലൂടെ ഏകദേശം 13 ലക്ഷം റിയാലിന്റെ മൊത്തം മൂല്യമുള്ള പദ്ധതികൾ നേടാൻ കമ്പനിയെ സഹായിച്ചു. അതോറിറ്റിയുമായി കരാറിലേർപ്പെട്ട കമ്പനികളിൽനിന്ന് മദനി വ്യക്തിഗത ആനുകൂല്യങ്ങൾ നേടി. പദ്ധതികളിൽനിന്നുള്ള ലാഭം അൽമദനിയുടെ ബന്ധുവായ മുഹമ്മദ് ബിൻ സുലൈമാൻ മുഹമ്മദ് അൽഹർബി എന്ന പൗരനിൽനിന്ന് അൽമദനിക്ക് ലഭിച്ചു. ഇയാളും പിടിയിലായിട്ടുണ്ട്.
പണം നൽകിയതായി ബന്ധു സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളായ സഈദ് ബിൻ ആത്വിഫ് അഹമ്മദ് സഈദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽദബൽ എന്നിവർ അൽമദനിയുമായുള്ള സൗഹൃദം വഴി കരാർ നേടി. ഇവരെയും പിടികൂടി.
അഴിമതി തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. അഴിമതി, കള്ളപ്പണം, പദവി ദുർവിനിയോഗം തുടങ്ങി നിരവധി കേസുകളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരെയാണ് ഇതിനകം അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത്. അഴിമതിക്കേസിൽ ഉൾപ്പെടുന്നവർ രാജകുടുംബാംഗമോ മന്ത്രിയോ ആരായാലും തെളിവുകൾ ലഭ്യമാകുന്നിടത്തോളം കാലം രക്ഷപ്പെടില്ലെന്ന് 2017ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു.
അബീർ അൽഅഖ്ൽ
അബീർ അൽഅഖ്ൽ അൽഉല പുതിയ സി.ഇ.ഒ
റിയാദ്: അൽഉല റോയൽ കമീഷൻ പുതിയ സി.ഇ.ഒയായി അബീർ അൽഅഖ്ലിനെ നിയമിച്ചു. അംറ് ബിൻ സ്വാലിഹ് അബ്ദുൽറഹ്മാൻ അൽമദനിയുടെ സസ്പെൻഷന് പിന്നാലെയാണ് പുതിയ നിയമനം. 2017ൽ അൽഉല റോയൽ കമീഷനിൽ ചേർന്ന അബീർ അൽ അഖ്ൽ നിലവിൽ സ്പെഷൽ ഇനിഷ്യേറ്റീവ്സ് ആൻഡ് പാർട്ണർഷിപ്പ് സെക്ടർ മേധാവിയായിരുന്നു.
കമീഷനിൽ സ്ട്രാറ്റജിക് ഡെലിവറി ഡിപ്പാർട്ട്മെൻറ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കിങ് സഊദ് സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അവർ ഹാർവാർഡ് സർവകലാശാലയിൽനിന്ന് നേതൃത്വ വികസന കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് നിരവധി നേതൃപദവികൾ വഹിച്ചുവരുകയാണ്. സാബ് ബാങ്കിൽ ഇൻഫർമേഷൻ സിസ്റ്റം ഡിപ്പാർട്ട്മെൻറ് മേധാവി, പ്രൊഡക്ഷൻ വകുപ്പ് മേധാവി, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഇൻറർനാഷനൽ ലിമിറ്റഡിലെ സീനിയർ മേധാവി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.