വാഹനം കടയിലേക്ക് ഇടിച്ചു കയറി; യു.പി സ്വദേശിക്ക് ദാരുണാന്ത്യം
text_fieldsറിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽനിന്നും 100കി.മീ അകലെ അൽഖർജിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിൽ മൻസൂർ അൻസാരി (29) എന്ന യുവാവാണ് മരിച്ചത്.
രാവിലെ എട്ടോടെ ജോലിക്ക് പോകാനായി അൽഖർജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽവെച്ച് ചായ കുടിച്ചുനിൽക്കുകയായിരുന്ന ഇയാളുടെ മേൽ വാഹനം ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോ. കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി. ഒമ്പതു വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്യുകയായിരുന്നു മൻസൂർ.
അവിവാഹിതനാണ്. കുറച്ചു മാസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.