സൗദിയിൽ വാഹനാപകടം: എറണാകുളം സ്വദേശിനിയും രണ്ടു മക്കളും മരിച്ചു
text_fieldsജിദ്ദ: റിയാദില്‍നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മാതാവും രണ്ടു മക്കളും മരിച്ചു. തൃശൂർ കരൂപ്പടന്ന കൊച്ചിക്കാരൻ മുഹമ്മദിെൻറ മകൻ ശഹീന്‍ ബാബുവിെൻറ ഭാര്യ സബീന പാലക്കൽ, മകൾ അസ്റ ഫാതിമ (ഏഴ്), ദിയ ഫാത്തിമ (ആറു മാസം) എന്നിവരാണ് മരിച്ചത്. സബീന എറണാകുളം സ്വദേശിയാണ്.
ഗുരുതരമായി പരിക്കേറ്റ ശഹീന്‍ ബാബു ത്വാഇഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റിയാദ്- ത്വാഇഫ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്തായിരുന്നു അപകടം. വർഷങ്ങളായി തിരുവനന്തപുരത്ത് താമസമാക്കിയ ശഹീന്‍ ബാബുവും കുടുംബവും സുഹൃത്തുക്കളോടൊപ്പം റിയാദില്‍നിന്ന് മൂന്നു വാഹനങ്ങളിലായാണ് മക്കയിലേക്ക് പുറപ്പെട്ടത്. ത്വാഇഫിന് 200 കി.മീറ്റർ അകലെ ഇവര്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ വാഹനത്തിന് പിറകില്‍ സൗദി പൗരന് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.
തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിച്ച് ഫോര്‍ച്യൂണര്‍ കാര്‍ മരുഭൂമിയില്‍ മറിഞ്ഞു. സബീനയും ചെറിയ കുഞ്ഞും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അസ്റ ഫാതിമ ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങൾ ദിലം ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കയില്‍ ഖബറടക്കും. ശഹീൻ ബാബുവിെൻറ പിതാവ് മുഹമ്മദ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ അസിസ്റ്റൻറ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.