വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ അടയാളപ്പെടുത്തി കൗസ്റ്റ്
text_fieldsജിദ്ദ: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വൻ വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്). വിജ്ഞാനത്തിന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായി 2009ൽ സ്ഥാപിച്ച ഈ സർവകലാശാല ഇന്ന് ആഗോളതലത്തിൽതന്നെ അറിയപ്പെടുന്ന സർവകലാശാലയിൽ ഒന്നായി മാറിയിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളടക്കം ഏഴായിരത്തോളം താമസക്കാർ കൗസ്റ്റ് കാമ്പസിലുണ്ട്. ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് കൗസ്റ്റ് അവസരമൊരുക്കുന്നു. ഗവേഷണ രംഗത്ത് നൂതനമായ പല സംഭാവനകൾ നൽകാൻ ഈ സർവകലാശാലക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
ശാസ്ത്ര, സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളിൽ നടക്കുന്ന ഗവേഷണരംഗത്തെ ലക്ഷ്യം കൈവരിക്കാൻ ഉതകുന്ന എല്ലാ വിഭവങ്ങളും കൗസ്റ്റ് നഗരിയിൽ സംവിധാനിച്ചിട്ടുണ്ട്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മികവുറ്റ താമസ സൗകര്യങ്ങളും ഉല്ലാസകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് വമ്പിച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്ന ടൈഗ്രീസിന്റെ തീരത്തുള്ള 'ബൈത്തുൽ ഹിക്മ' ലോകത്തിനു നൽകിയ സംഭാവനകൾ ചെങ്കടലിന്റെ ഓരത്ത് പുനഃസൃഷ്ടിക്കാൻ സൗദി ഭരണകൂടം നടത്തിയ ശ്രമങ്ങളാണ് കൗസ്റ്റിലൂടെ വിജയംകണ്ടത്. അബ്ബാസി ഖലീഫ അൽ മഅ്മൂന് യവന ഗ്രന്ഥങ്ങളുടെ പരിഭാഷക്കുവേണ്ടി ബഗ്ദാദിൽ സ്ഥാപിച്ച ഈ കാര്യാലയം ഇസ്ലാമിക ഖിലാഫത്തിന്റെ സുവർണകാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. യൂറോപ്യർക്കിടയിൽ 'ഹൗസ് ഓഫ് വിസ്ഡം' എന്ന പേരിലായിരുന്നു 'ബൈത്തുൽ ഹിക്മ' അറിയപ്പെട്ടിരുന്നത്.
അബ്ബാസി ഖിലാഫത്തിന്റെ തകർച്ച ബൈത്തുൽ ഹിക്മയുടെ പുരോഗതിക്കും മങ്ങലേൽപിച്ചു. കെട്ടിടസമുച്ചയങ്ങളുടെ രൂപകൽപന, ആരോഗ്യ, ഫിറ്റ്നസ് സൗകര്യങ്ങൾ, വിനോദത്തിനും ഉല്ലാസത്തിനുമുള്ള വേറിട്ട സംവിധാനങ്ങൾ, സൗകര്യപ്രദമായ ഗതാഗതം തുടങ്ങിയ സേവനങ്ങൾ വേറിട്ടതാണ്. സർവകലാശാല നഗരിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ പ്രാഥമിക സൗകര്യങ്ങളുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്താരാഷ്ട്ര പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ, ചികിത്സസൗകര്യങ്ങൾ, കടകൾ, ഹോട്ടലുകൾ, നീന്തൽകുളങ്ങൾ, ജിംനേഷ്യം സെന്റർ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം ആധുനിക സംവിധാനങ്ങളോടെ സംവിധാനിച്ചിട്ടുണ്ട്.
ശാസ്ത്രരംഗത്ത് ഉന്നതങ്ങളിലെത്താൻ കൗസ്റ്റ് പോലുള്ള സർവകലാശാലകളിൽ ധാരാളം അവസരമുണ്ടെന്നും പുതു തലമുറ ഗവേഷണത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ മുന്നോട്ടു വരണമെന്നും കൗസ്റ്റിലെ മലയാളി റിസർച് സയന്റിസ്റ്റ് ഡോ. ശഫഖത്ത് കറുത്തേടത്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഏറ്റവും ഉയർന്ന സ്ഥാപനങ്ങളിൽ പഠിക്കാനും അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ സ്വന്തം പേരിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനും കഴിവുറ്റ വിദ്യാർഥികൾ ശ്രമിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. ശഫകത്ത് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.