സ്വകാര്യസ്ഥാപനങ്ങൾക്കെതിരെ നടപടി; ആറു മാസത്തിനിടെ കണ്ടെത്തിയത് 1,07,000 ലംഘനങ്ങൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ തൊഴിൽനിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി. കഴിഞ്ഞ ആറു മാസത്തിനിടെ 1,07,000 ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിൽ വീഴ്ച വരുത്തിയ 88,000 സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. ഈ വർഷം ആറ് മാസത്തിനിടെ രാജ്യത്താകമാനമുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ഏഴ് ലക്ഷം പരിശോധനകളാണ് നടത്തിയത്. തൊഴിലുടമ പ്രതിമാസ വേതനസംരക്ഷണ രേഖകൾ സമർപ്പിക്കാതിരിക്കുക, മന്ത്രാലയം നിർദേശങ്ങൾ പാലിക്കുന്നതിലുള്ള നിരക്ക് സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുക എന്നിവയുമായി ബന്ധപ്പെട്ട 59,800 ലംഘനങ്ങൾ പിടികൂടിയതായും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളികളുടെ വേതനം അവരുടെ നിശ്ചിത തീയതികളിൽ നൽകാതിരിക്കുക, തൊഴിലാളിയുടെ വേതനം തടഞ്ഞുവെക്കുക, നിയമപരമായ പിന്തുണയില്ലാതെ ഒരു ഭാഗം നൽകുക തുടങ്ങിയവയുമായി ബന്ധപ്പെട്ട 16,200 ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിലോ പ്രവർത്തനങ്ങളിലോ സൗദിയിതര തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 7,600 ലംഘനങ്ങളും കണ്ടെത്തി. സ്വദേശിവത്കരണ ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ച പരിശോധിക്കാൻ 5,22,000 സന്ദർശനങ്ങൾ ഈ കാലയളവിനുള്ളിൽ നടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ സന്ദർശനങ്ങൾ സ്വദേശി പൗരന്മാർക്ക് 9,700 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും നിരവധി മേഖലകളിൽ ലക്ഷ്യമിടുന്ന സൗദിവൽക്കരണ നിരക്ക് കൈവരിക്കുന്നതിനും സഹായിച്ചു. തൊഴിൽ സ്വദേശിവൽക്കരണ തീരുമാനങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ ശതമാനം വർധിപ്പിച്ച് 93.5 ശതമാനത്തിൽ എത്തുന്നതിനും ഇത് കാരണമായി.
സൂപ്പർവൈസറി ടീമുകൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഗ്യാസ് സ്റ്റേഷനുകളിലും സർവിസ് സെന്ററുകളിലും 840 സംയുക്ത സന്ദർശനങ്ങൾ നടത്തിയതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
തൊഴിൽ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 19911 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ സ്മാർട്ട് ഫോൺ ഉപകരണങ്ങളിൽ ലഭ്യമായ മന്ത്രാലയത്തിന്റെ ആപ് മുഖേനയോ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.