വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി
text_fieldsജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീർ, അൽബാഹ, ത്വാഇഫ് എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തിൽ മഴ പെയ്യിക്കുന്നത്. 'ക്ലൗഡ് സീഡിങ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഒരുക്കം പൂർത്തിയായതായി കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്മൻ സാലിം ഗുലാം അറിയിച്ചു.
ഈ വർഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കൽ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇൽ മേഖലകളിലായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത്. പ്രവർത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് സമയബന്ധിത പദ്ധതിയായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഗ്രീൻ മിഡിൽ ഈസ്റ്റ്' ഉച്ചകോടിയിൽ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്.
മഴയുടെ തോത് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവും വർധിപ്പിക്കുന്നതിനും മരുഭൂവത്കരണം കുറക്കുന്നതിനുമുള്ള പരിപാടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, ഈ രംഗത്ത് സ്വദേശികളായ വിദഗ്ധർക്ക് പരിശീലനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ളതാണിത്. സുരക്ഷിതവും വഴക്കമുള്ളതും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യയായതിനാൽ ജല സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള ഘടകങ്ങളിലൊന്നായി പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ഇ.ഒ പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.