ബൊളീവർഡ് വിനോദനഗരത്തിൽ പ്രവേശനം സൗജന്യം
text_fieldsറിയാദ്: റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദികളൊന്നായിരുന്ന ബൊളീവർഡ് വിനോദ നഗരത്തിലേക്ക് ഇനി പ്രവേശനം സൗജന്യം. തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ കലാസാംസ്കാരിക വിനോദ നഗരമായാണ് ബൊളീവർഡ് ഒരുക്കിയിട്ടുള്ളത്. ഇവിടേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാക്കുന്നത് ഇതാദ്യമായാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് സൗദി സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി അറേബ്യൻ പരമ്പരാഗതവസ്ത്രം ധരിച്ചുവരുന്നവർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് റമദാനിലും പെരുന്നാൾ അവധി ദിവസങ്ങളിലും സൗജന്യമാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് അനിശ്ചിത കാലത്തേക്ക് പ്രവേശനം സൗജന്യമാക്കുന്നത്. എന്നാൽ, ഇപ്പോൾ എല്ലാവിഭാഗം ആളുകൾക്കും ഉപാധിയില്ലാതെ പ്രവേശനം സൗജന്യമാക്കിയിരിക്കുകയാണ്. ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിലായി.
വിദേശികൾ ഉൾപ്പെടെയുള്ള ചെറിയ വരുമാനക്കാർക്ക് ബൊളീവർഡിൽ ടിക്കറ്റ് എടുക്കുക പ്രയാസമായിരുന്നു. ഒന്നിലധികം കുട്ടികളുള്ള കുടുംബത്തിന് നഗരിയിലേക്ക് പ്രവേശിക്കാൻതന്നെ നല്ലൊരു തുക വേണമായിരുന്നു. നഗരത്തിനുള്ളിൽ ചില മേഖലകളിൽ പ്രവേശിക്കാൻ വീണ്ടും ടിക്കറ്റുകൾ എടുക്കണമായിരുന്നു. ഇത് കുറഞ്ഞ വരുമാനക്കാരുടെ കീശക്ക് താങ്ങാനാവുന്നതായിരുന്നില്ല. സൗജന്യമാക്കിയതോടെ എല്ലാത്തരം ആളുകൾക്കും വിനോദനഗരത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചാനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്.
റിയാദ് സീസണിന്റെ തുടക്കത്തിൽ പ്രവൃത്തിദിവസങ്ങളിൽ 55 റിയാലും വാരാന്ത്യത്തിൽ 110 റിയലുമായിരുന്നു പ്രവേശന ഫീസ്. പിന്നീടത് എല്ലാ ദിവസവും 25 സൗദി റിയാലിലേക്ക് ചുരുക്കി. ഇപ്പോഴത് പൂർണമായും ഒഴിവാക്കുകയും ചെയ്തു. സ്കൂൾ വിദ്യാർഥികളുടെ സംഘവും സ്ഥാപനങ്ങളിൽനിന്ന് തൊഴിലാളികൾ കൂട്ടമായും ഇനി ബൊളീവർഡിലെത്തും.
നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ദിനേന സൗദിയിലെത്തുന്നത്. അവർക്കും പുതിയ തീരുമാനം ആശ്വാസമാകും. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാർ പാർക്കിങ്ങും സൗജന്യമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ആദ്യ മണിക്കൂറിന് 10 സൗദി റിയാലും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് സൗദി റിയാലുമാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.