പ്രതിസന്ധികളെ അതിജയിക്കാനുള്ള സ്വത്വബോധം നൽകിയത് സമസ്തയും ലീഗും -അഡ്വ. ഫാത്തിമ തഹ്ലിയ
text_fieldsദമ്മാം: അധികാരരാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളിൽ അടിപതറാതെ നിലപാടുകളെടുക്കാനും മൂല്യ ബോധങ്ങളെ ചേർത്തുപിടിക്കാനുമുള്ള ശക്തി എന്നിൽ സന്നിവേശിപ്പിച്ചത് സമസ്തയും മുസ്ലിം ലീഗുമാണെന്ന് ‘ഹരിത’ പ്രഥമ ജനറൽ സെക്രട്ടറിയും ആക്ടിവിസ്റ്റുമായ അഡ്വ. ഫാത്തിമ തഹ്ലിയ പറഞ്ഞു. ദമ്മാമിൽ ‘മിലൻ 23’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ അവർ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഞാൻ എന്താണെന്ന് ബോധ്യപ്പെടുത്തുകയും എന്റെ ചിന്തകളെ രൂപപ്പെടുത്തുകയും ചെയ്തത് സമസ്തയും ലീഗുമാണ്. സമസ്ത സ്ത്രീവിരുദ്ധമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് അവർ പറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഉയർത്തിപ്പിടിച്ച് ചിലർ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് ദുരുദ്ദേശ്യത്തോടെയാണ്.
ഹരിത ഭാരവാഹികളും താനും ഉൾപ്പെടുന്ന സംഘം നടത്തിയ പോരാട്ടം ലീഗിനെതിരെയായിരുന്നില്ല. മറിച്ച് അതിനുള്ളിലുണ്ടായിപ്പോയ ചിലരുടെ ധാരണകൾക്കെതിരെയായിരുന്നു. ഏറെ സമ്മർദം നിറഞ്ഞ ആ കാലഘട്ടം അധികം പരിക്കുകളില്ലാതെ മറികടക്കാൻ സാധിച്ചത് താൻ ഒരു സ്ത്രീയായതുകൊണ്ടുകൂടിയാണെന്ന് അവർ വിശദീകരിച്ചു. ലീഗിന്റെ പുതിയ നേതൃത്വം കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹയാത്രയിലൂടെ പകർന്നുകിട്ടിയ സന്ദേശം തന്നെ ലീഗിന്റെ പുതിയ മുഖം പ്രതിഫലിപ്പിക്കുന്നതാണ്.
സംഘ്പരിവാർ പ്രതിനിധികൾ പലപ്പോഴും മുസ്ലിം രാഷ്ട്രീയവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെ ആശങ്കയോടെ കാണേണ്ടതില്ല. അവിടെ ക്ഷണിച്ചുകൊണ്ടുവരുന്നത് ആശയങ്ങളെയല്ല, വ്യക്തികളെയാണ്. ആശയപോരാട്ടങ്ങൾക്കപ്പുറത്ത് വ്യക്തിബന്ധങ്ങൾ ഊഷ്മളമാക്കുന്നതും ഒരു രാഷ്ട്രീയമാണെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നയനിലപാടുകളും ന്യൂനപക്ഷവിരുദ്ധതയുടേതാണ്.
കേരളത്തിലെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് നമുക്ക് വിശ്വസിക്കാനാവില്ല. ഫാഷിസം ഏതെല്ലാം വഴികൾ സ്വീകരിക്കുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല എന്നതുകൂടി ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. കേരളത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേറുകയാണ്. എൻ.ആർ.സി സമരങ്ങളിൽ ശ്രദ്ധേയമായ, കേരളത്തിൽനിന്നുള്ള ന്യൂനപക്ഷ പെൺകുട്ടികളുടെ ശബ്ദങ്ങളെ ഇന്ത്യ മുഴുവൻ ശ്രദ്ധിച്ചു.
കേരളത്തിൽ നടന്ന സമരങ്ങൾ സംഘടനകളുടെ വട്ടത്തിനപ്പുറത്ത് പൊതു ഐക്യരൂപമായി മാറിയതും ഫാഷിസ്റ്റ് പോരാട്ടത്തിന് പ്രതീക്ഷ നൽകുന്നതാണ്.യൂത്ത് ലീഗിലൂടെ മുസ്ലീം ലീഗ് രാഷ്ട്രീയം പുതിയ മാനങ്ങൾ ചമയ്ക്കുകയാണ്. ലീഗ് കേരളം, തമിഴ്നാട് എന്ന പ്രതലങ്ങളിൽനിന്ന് ആദ്യകാല ലീഗ് പ്രതാപങ്ങളെ തിരിച്ചെടുക്കാൻ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് യൂത്ത് ലീഗിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ ഫാഷിസം അതിന്റെ എല്ലാ ക്രൂര നഖങ്ങളും ആഴ്ത്താൻ ശ്രമിക്കുമ്പോൾ ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടമാണ് താനുൾപ്പെടെയുള്ള വക്കീലന്മാർ ചെയ്യുന്നത്. അത് ഏതെങ്കിലും തരത്തിലുള്ള വാർത്താപ്രസിദ്ധിക്കുവേണ്ടിയുള്ളതല്ലെന്നും അവർ വിശദീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതീക്ഷയുടെ വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും അദാനിയുടെ തകർച്ചയും ആ വെളിച്ചത്തിന് കൂടുതൽ തെളിച്ചം നൽകിയിരിക്കുന്നു. ഉള്ളിലുള്ള ആശയസമരങ്ങളെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ടുതന്നെ മുസ്ലീം ലീഗിന്റെ പൊതുധാരാ രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.