വർഗീയതയെ പ്രതിരോധിക്കാനുള്ള മാർഗം മതേതര ഐക്യം –അഡ്വ. കെ.എൻ.എ. ഖാദർ
text_fieldsദമ്മാം: രാഷ്ട്രത്തിന്റെ മതേതര താൽപര്യങ്ങൾക്ക് എതിരുനിന്നുകൊണ്ട് രാജ്യത്തെ ഒരു വിഭാഗത്തിനും ഒന്നും നേടാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ.എൻ.എ. ഖാദർ. തങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് നിലവിളിക്കുമ്പോഴും വിമർശിക്കുമ്പോഴും ന്യൂനപക്ഷങ്ങൾ സ്വയം വിമർശനത്തിനും തയാറാകേണ്ടതുണ്ട്.
മതേതര മനസ്സുകളെ ഒന്നിപ്പിച്ചുനിർത്തുക എന്നതാണ് വർഗീയതയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഇന്ത്യയിൽ നടക്കുന്നതൊന്നും ഒരു മുസ്ലിം പ്രശ്നം മാത്രമല്ല. ഇരകളിൽ അവർ ഒന്നാമതുണ്ട് എന്നത് സത്യമാണ്. എന്നാൽ, അതിനെ രാഷ്ട്രീയ പ്രശ്നമായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി പരിപാടിയിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് പ്രതികൂലമായ വിഷയങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം അതിനെതിരെ രംഗത്തുവന്നത് ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള വിദ്യാസമ്പന്നരും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമാണെന്നത് നാം മറന്നുകൂടാ. ഹിന്ദുത്വവും ഹിന്ദുവും ഒന്നല്ല. ഹൈന്ദവ ധർമത്തെ വക്രീകരിക്കുന്ന രാഷ്ട്രീയ താൽപര്യം മാത്രമാണ് ഹിന്ദുത്വം. ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുവിനു വേണ്ടിയുള്ള ഭരണമല്ല. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന രീതിയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിക്കുമ്പോൾ അതിന്റെ ദുരിതമനുഭവിക്കുന്നതിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
വ്യത്യസ്ത മതവിശ്വാസികൾക്കിടയിൽ സംവാദങ്ങളും ചർച്ചകളും വർധിപ്പിക്കുക എന്നതാണ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടി. ഭിന്നതയുണ്ടാക്കുന്നവരെ പരാജയപ്പെടുത്തുക മാത്രമല്ല ഭിന്നത തീർക്കുക എന്നതും പ്രധാനമാണ്. ഇത്തരം ചർച്ചകൾക്കായി ആരു മുന്നോട്ടുവന്നാലും അത് സ്വാഗതാർഹമാണ്. സംവാദങ്ങൾ അനിവാര്യമായ കാലഘട്ടത്തിലാണ് നാമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ ഐക്യമില്ലായ്മ വലിയ പ്രശ്നമാണ്. വംശീയതയും വർഗീയതയും എതിർക്കുന്ന പാർട്ടികളുടെ ഏകീകരണമാണ് നമുക്കാവശ്യം.
എന്നാൽ, ഈ ബന്ധങ്ങൾ അടുക്കുകയല്ല അകലുകയാണ് ചെയ്യുന്നത്. എങ്കിലും, 2024ലെ തെരഞ്ഞെടുപ്പിൽ കുറേക്കൂടി മെച്ചപ്പെട്ട പ്രതിരോധം ഉണ്ടായേക്കാം. ഒരുമിച്ചുനിന്ന് പൊരുതുക സാധ്യമല്ലാതായാൽ പ്രാദേശിക പാർട്ടികൾ അവരുടെ വഴിക്ക് ചിന്തിക്കും. തങ്ങളെ കേന്ദ്രം ഉപദ്രവിക്കുന്നില്ലെങ്കിൽ അവർ നിലനിൽക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല എന്നൊരു ചിന്തയിലേക്ക് അവരെത്തും.
കേന്ദ്രത്തിന്റെ മുദ്രാവാക്യം കോൺഗ്രസ് മുക്ത ഭാരതം എന്നാകുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോൺഗ്രസ് മുക്ത കേരളം എന്ന സമാനമായ മുദ്രാവാക്യം ഉയർത്തുന്നു. ഇത് മനസ്സിലാക്കിയ ബി.ജെ.പി തങ്ങളുടെ അജണ്ട നടപ്പാക്കാൻ കേരളത്തിൽ ഇടതുപക്ഷവുമായി കച്ചവടമുറപ്പിക്കുന്നു. കേരളത്തിൽ എത്ര ഇ.ഡി വന്നാലും ഭരണപക്ഷത്തെ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, കേരളത്തിലെ കോൺഗ്രസിൽ നടക്കുന്ന പടലപ്പിണക്കങ്ങൾ ആശാസ്യമല്ല.
കെട്ടുറപ്പില്ലാതായാൽ അപകടകരമായ സാധ്യതകൾ രൂപപ്പെടും. എന്നാൽ, ലീഗ് കൃത്യമായ പ്രവർത്തന പാതയിലാണ്. ഇന്ത്യയെ പിളർത്താനും ചരിത്രങ്ങളെ മായ്ക്കാനും ചിലർ ശ്രമിച്ചാലും ഇനിയും നശിച്ചിട്ടില്ലാത്ത ഭൂരിപക്ഷ മതേതരമനസ്സ് അതിനെ എതിർത്തുതോൽപിക്കും എന്നത് നിസ്തർക്കമാണെന്ന് അദ്ദേഹം പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.