ഇന്ത്യൻ ഹാജിമാരുടെ ലഗേജുകൾ കൈകാര്യം ചെയ്യാൻ വിപുല സംവിധാനം
text_fieldsമക്ക: ഇന്ത്യൻ ഹാജിമാരുടെ ലഗേജുകൾ ക്രമീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഗേജ് മിസ്സിങ് ഡസ്ക് തന്നെ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മക്ക അസീസിയയിലെ ബിൽഡിങ് നമ്പർ 110ല്‍ ഇതിനായി പ്രത്യേകം ഓഫീസും പ്രവർത്തിക്കുന്നുണ്ട്. നഷ്ടപ്പെട്ട ബാഗേജുകൾ കണ്ടെത്തുന്നതിന് പ്രത്യേകം വളന്റിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാട്ടിൽനിന്ന് ഹജ്ജിനു പുറപ്പെടുന്ന തീർഥാടകർക്ക് മികച്ച ബാഗേജുകളാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ തവണയിൽ നിന്ന് വ്യത്യസ്തമായി ബാഗേജുകളോടൊപ്പം പേര്, കവർ നമ്പർ, താമസിക്കുന്ന ബിൽഡിങ്ങുകളുടെ നമ്പർ മുതലായ തീർഥാടകരുടെ വിശദവിവരങ്ങൾ അടങ്ങിയ ടാഗോടു കൂടിയാണ് നാട്ടിൽനിന്നും വരുന്ന ഹാജിമാരുടെ ബാഗേജ് ക്രമീകരണങ്ങൾ.
കാണാതാകുന്ന ബാഗുകൾ തിരിച്ചു കിട്ടാനും അത് നഷ്ടപ്പെട്ട തീർഥാടകർക്ക് എത്തിച്ചു കൊടുക്കാനും എളുപ്പമാകും. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്ന ഹാജിമാരുടെയും ജിദ്ദ വഴി മക്കയിലെത്തുന്ന ഹാജിമാരുടെയും ഹാൻഡ് ബാഗ് ഒഴിച്ചുള്ള അധികം വരുന്ന ലഗേജുകൾ മിനി ട്രക്കുകൾ (ഡൈന) വഴിയാണ് എത്തിക്കുന്നത്. ഇത് ഹാജിമാർ എത്തുന്നതിന് മുമ്പേ ബിൽഡിങ്ങുകളിൽ ലഗേജുകൾ എത്തുന്ന അവസ്ഥയാണുള്ളത്.
ഇത്തരത്തിൽ നിരവധി ബാഗേജുകൾ നഷ്ടപ്പെടുന്ന അവസ്ഥ മുൻവർഷങ്ങളിൽ കൂടുതലായിരുന്നു. എന്നാൽ പുതിയ ക്രമീകരണങ്ങൾ വന്നതോടെ, ബാഗേജ് മിസ്സിങ് കേസുകൾ വളരെ കുറഞ്ഞതായി സന്നദ്ധപ്രവർത്തകരും അഭിപ്രായപ്പെടുന്നു. കൂടുതൽ ഹാജിമാർ എത്തിയതോടെ സജീവമാണ് ഇന്ത്യൻ ഹജ്ജ് മിഷന്റെയും സന്നദ്ധ പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.