അഫ്ഗാൻ ഭൂകമ്പം: ദുരിതബാധിതർക്ക് സൗദി ആദ്യഘട്ട സഹായമെത്തിച്ചു
text_fieldsയാംബു: ഭൂചലനത്തെ തുടർന്ന് അഫ്ഗാനിസ്താനിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗദിയുടെ ആദ്യഘട്ട സഹായം കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ കാബൂളിൽ എത്തിച്ചു.
കനത്ത നഷ്ടം നേരിട്ട അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്), അഫ്ഗാൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ സഹായം വിതരണം ചെയ്യുന്നത്.
10 ലക്ഷം ഡോളർ മൊത്തം വിലമതിക്കുന്ന 15,750ലധികം ഭക്ഷണപ്പൊതികളാണ് ആദ്യ സഹായമായി നൽകിയത്.
സഹായ വസ്തുക്കൾ അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ സിന്ദാജാൻ ജില്ലയിൽ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഓരോ പൊതിയിലും 62 കിലോഗ്രാം വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ അടങ്ങിയിട്ടുണ്ടെന്നും വിവിധ കേന്ദ്രങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വിതരണം ചെയ്യുമെന്നും അഫ്ഗാൻ റെഡ് ക്രസൻറ് വക്താവ് ഇർഫാനുല്ല ഷർഫ്സോയ് അറിയിച്ചു.
ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തിനിടയിൽ രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ഹെറാത്തിൽനിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്ത് ദരിദ്ര മേഖലയായ പക്തിക പ്രവിശ്യയിലെ 12 ഗ്രാമങ്ങളിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്.
ഭൂകമ്പബാധിതർ പ്രാഥമികാവശ്യങ്ങൾക്കുപോലും പ്രയാസപ്പെടുകയാണ്. ആളുകൾക്ക് അടിയന്തര വൈദ്യസഹായം, വെള്ളം, ഭക്ഷണം, പാർപ്പിടം, സുരക്ഷിതമായിരിക്കാൻ സഹായം എന്നിവ ഇപ്പോൾ അനിവാര്യമാണെന്ന് അവിടെനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യം കടുത്ത മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്.
വർഷങ്ങൾ നീണ്ട വരൾച്ച നേരത്തേ കാർഷിക സമൂഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ അഫ്ഗാൻ ഭൂകമ്പത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസിയും ഗൾഫ് രാജ്യങ്ങളും ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നത് ദുരിതത്തിലായ അഫ്ഗാൻ ജനതക്ക് ഏറെ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.