അഫ്‌ഗാൻ ഭൂചലനം: സൗദി ദുഃഖം പ്രകടിപ്പിച്ചു
text_fieldsയാംബു: അഫ്‌ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ സൗദി അറേബ്യ ദുഃഖം പ്രകടിപ്പിച്ചു. ആയിരത്തോളം ആളുകളുടെ മരണത്തിനും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കാനുമിടയാക്കിയ സംഭവത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തി.
അഫ്‌ഗാൻ ജനതക്ക് വന്നുപെട്ട ഈ വലിയ നഷ്ടത്തിൽ രാജ്യം ദുഃഖം അറിയിക്കുന്നതോടൊപ്പം ദുരിതനിവാരണത്തിനായി സൗദി എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനോടും അഫ്‌ഗാൻ അധികൃതരോടും അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കുപറ്റി ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
അഫ്‌ഗാനിൽ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി. 51 കിലോമീറ്റർ വ്യാപ്തിയിൽ ഭൂചലനത്തിന്റെ ആഘാതമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നാണ് ആയിരത്തോളം ആളുകൾ മരിച്ചതെന്നും നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.