അഫീഫ് വാഹനാപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ജോൺ തോമസും മരിച്ചു
text_fieldsബുറൈദ: ഒരാഴ്‌ച മുമ്പ് റിയാദ് പ്രവിശ്യയിലെ അഫീഫിന് സമീപം തിരുവനന്തപുരം സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടിൽ ജോൺ തോമസ് എന്ന ജോസാണ് (47) ബുധനാഴ്ച മരിച്ചത്.
അപകടത്തെ തുടർന്ന് അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജോസിനെ വിദഗ്‌ധ ചികിത്സക്കായി റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് മരണം. അപകടത്തിൽ തൽക്ഷണം മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം വെള്ളിയാഴ്ച (നാളെ) നാട്ടിലെത്തിക്കാനിരിക്കെയാണ് ജോസിെൻറ മരണം.
അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിന് സമീപമുള്ള തൊഴിലിടത്തിലേക്ക് പാക്കിസ്താനി തൊഴിലാളികളെയും കൊണ്ടുപോയ ടൊയോട്ട ഹയസ് പാസഞ്ചർ വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. 15 ഓളം തൊഴിലാളികളും മലയാളികളിൽ മൂന്നാമനായ സജീവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂന്നര വർഷമായി സൗദിയിലുള്ള ജോസ് എരുമേലി സ്വദേശി തോമസിെൻറയും മറിയാമ്മയുടെയും മകനാണ്. കുഞ്ഞുമോളാണ് ഭാര്യ. മക്കൾ: ഏഞ്ചൽ മറിയ, ജോയൽ. മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.