90 വർഷത്തെ ഇടവേളക്ക് ശേഷം സൗദിയിൽ അറേബ്യൻ ഓറിക്‌സിന് കുഞ്ഞു ജനിച്ചു
text_fieldsറിയാദ്: ഒൻപത് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കിങ് സൽമാൻ റോയൽ റിസർവ് വനം അറേബ്യൻ ഓറിക്‌സിന്‍റെ ജനനത്തിന് സാക്ഷ്യം വഹിച്ചു. സൗദിയുടെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിൽ വൈറ്റ് ഓറിക്‌സിന്റെ സ്വാഭാവിക പുനരുൽപാദനം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിന്റെ സമ്പുഷ്ടീകരണത്തിനും കാരണമാകുന്ന ഒരു പാരിസ്ഥിതിക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ ഓറിക്സ് അഥവാ വെള്ള ഓറിക്സ് ഇടത്തരം വലിപ്പമുള്ള, കൃഷ്ണമൃഗത്തിന്‍റെ വംശത്തിലുള്ള ഒരു ജീവിവർഗ്ഗമാണ്. വളരെ നീളമുള്ളതും എഴുന്നു നിൽക്കുന്നതുമായ കൊമ്പുകളും, ജഡ കെട്ടിയ നിബിഢമായ വാലും ഇവയുടെ പ്രത്യേകതകളാണ്. ഓറിക്സ് വംശത്തിലെ വലിപ്പം കുറഞ്ഞ ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിലും മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങളിലും കാണപ്പെടുന്നു. 1970 മുതൽ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്ന് ഈ ജീവികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 1980 മുതൽ ഇവയെ സ്വാഭാവിക അവസ്ഥയിൽത്തന്നെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യയിൽ നടന്നുവന്നിരുന്നു.
നിരവധി പാരിസ്ഥിതിക സമ്മർദ്ദങ്ങളും വേട്ടയാടലുമാണ് ഇവയുടെ എണ്ണം കുറയുന്നതിനും കാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനും കാരണമായത്. ഇങ്ങനെ അപ്രത്യക്ഷമായി തുടങ്ങിയ ജീവിവർഗ്ഗങ്ങളുടെ സംരക്ഷണത്തിന് കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫും സംയുക്തമായി പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. അറേബ്യൻ പെനിൻസുലയിലെ ഏറ്റവും വലിയ കര സസ്തനിയാണ് അറേബ്യൻ ഓറിക്സ് അല്ലെങ്കിൽ വൈറ്റ് ഓറിക്സ്. മുതിർന്നവയുടെ ഭാരം 80 കിലോഗ്രാം വരെയാണ്. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.