മൂന്ന് പതിറ്റാണ്ടിനു ശേഷം: വ്യാപാര കൈമാറ്റത്തിന് സൗദി –ഇറാഖ് അതിർത്തി തുറക്കുന്നു
text_fieldsജിദ്ദ: നീണ്ട 30 വർഷത്തിനുശേഷം വ്യാപാര കൈമാറ്റത്തിന് സൗദി-ഇറാഖ് അതിർത്തി കവാടം തുറക്കുന്നു. സൗദി-ഇറാഖ് ഏകോപന സമിതിയുടെ പ്രവർത്തനഫലമായി രൂപവത്കരിച്ച കരാറിെൻറ അടിസ്ഥാനത്തിലാണ് 'ജദീദ് അറാർ' കവാടം തുറക്കാനൊരുങ്ങുന്നത്.
സൗദി അറേബ്യയുടെ വടക്കൻ അതിർത്തിയായ അറാറിലാണ് ഇറാഖിലേക്കുള്ള പ്രവേശന കവാടം. കരാർ രൂപപ്പെടുത്തിയ ഉടൻതന്നെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയും അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. കവാടത്തിൽ വാണിജ്യ കൈമാറ്റത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇറാഖ് ജനതക്ക് കോവിഡിനെ നേരിടാൻ 15 ദശലക്ഷത്തിലധികം വരുന്ന മെഡിക്കൽ, ലബോറട്ടറി സാധനങ്ങളുമായി 15 ട്രക്കുകൾ അയച്ചാണ് കവാടം ഉദ്ഘാടനം ചെയ്യുകയെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ആരോഗ്യ പരിസ്ഥിതി സഹായ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ സ്വാലിഹ് അൽമുഅ്ലിം പറഞ്ഞു.
വ്യാപാര കൈമാറ്റത്തിെൻറ പുരോഗതിക്ക് സൗദി-ഇറാഖ് അതിർത്തി തുറക്കുന്നത് സുപ്രധാന വഴിത്തിരിവുകളിലൊന്നായാണ് കണക്കാക്കുന്നതെന്ന് ഇറാഖ് അതിർത്തി കവാടം അതോറിറ്റി മേധാവി ഡോ. ഉമർ അദ്നാൻ അൽവാഇലി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്ക് ഇറാഖിലേക്കുള്ള പ്രധാന കവാടമാണ് അറാർ കവാടം. വരുംദിവസങ്ങളിൽ റഫ്അയിലെ ജുമൈമ കവാടം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി, കയറ്റുമതി രംഗത്ത് സൗദിയുമായി സഹകരിക്കാൻ പൂർണമായും ഇറാഖ് ഒരുങ്ങിക്കഴിഞ്ഞു. സൗദി ഉൽപന്നങ്ങൾക്ക് ഇറാഖ് ഉപഭോക്താക്കൾക്കിടയിൽ വലിയ ഡിമാൻഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.