ഒടുവിൽ തന്റെ ആഗ്രഹം പൂവണിയുന്നു; 8,600 കിലോമീറ്റർ കാൽനടയായി താണ്ടി ശിഹാബ് ചോറ്റൂർ മക്കയിലെത്തി
text_fieldsമക്ക: 12 മാസം കൊണ്ട് 8,600 കി.മീ കാൽനടയായി സഞ്ചരിച്ച് ശിഹാബ് ചോറ്റൂർ പരിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തി. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് ആതവനാട് നിന്ന് യാത്ര പുറപ്പെട്ട ശിഹാബ് ഇന്ത്യ, പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചാണ് തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി പുണ്യഭൂമിയിലെത്തിയത്.
12 മാസവും അഞ്ച് ദിവസവും നീണ്ട യാത്രക്ക് ശേഷം ഈ മാസം ഏഴിന് ബുധനാഴ്ചയാണ് ശിഹാബ് ചോറ്റൂർ മക്കയിലെത്തിയത്. പൂർവകാലത്ത് ഹജ്ജ് നിർവഹിക്കാനാഗ്രഹിച്ചിരുന്നവർ കാൽനടയായി ഹജ്ജിന് പോയ കഥ കേട്ടാണ് ശിഹാബിനും അങ്ങനെയൊരു ആഗ്രഹമുണ്ടായത്.
കുവൈത്തിൽ നിന്നും അറാർ വഴി സൗദിയിലേക്ക് കടന്ന ശേഷം ശിഹാബ് ആദ്യം മദീനയിലേക്കാണ് പോയത്. 21 ദിവസം മദീനയിൽ ചെലവഴിച്ച ശേഷം 440 കിലോമീറ്റർ ഒമ്പത് ദിവസം കൊണ്ട് താണ്ടിയാണ് അദ്ദേഹം മക്കയിലെത്തിയത്. ഒരു ദിവസം ശരാശരി 25 കിലോമീറ്റർ വീതമാണ് ശിഹാബ് നടന്നത്. കഴിഞ്ഞ വർഷം തന്റെ യാത്രക്കിടയിൽ വാഗാ ബോർഡറിലെത്തിയ ശിഹാബിന് പാകിസ്താനിലൂടെ കടന്നുപോകാൻ ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ നാല് മാസങ്ങൾ കാത്തിരിക്കേണ്ടിവന്നിരുന്നു.
ആ സമയത്ത് അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലായിരുന്നു തങ്ങിയത്. ഈ വർഷം ഫെബ്രുവരിയിൽ പാകിസ്താൻ ട്രാൻസിറ്റ് വിസ അനുവദിച്ചതിന് ശേഷമാണ് ശിഹാബ് യാത്ര പുനരാരംഭിച്ചത്. യാത്രക്കിടയിൽ പാകിസ്താനില്‍ നിന്ന് ഇറാനിലേക്ക് സുരക്ഷാ പ്രശ്നം കാരണം വിമാനത്തിൽ സഞ്ചരിക്കേണ്ടിവന്നിരുന്നു. സൗദി കുവൈത്ത് അതിര്‍ത്തിയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം വാഹനത്തിൽ സഞ്ചരിക്കേണ്ടതായും വന്നു. ബാക്കി ദൂരമെല്ലാം കാൽനടയായി തന്നെയായിരുന്നു സഞ്ചാരം.
നേരത്തേ ആറ് വർഷത്തോളം സൗദിയില്‍ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉള്‍പ്പെടെയുള്ള പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ഹജ്ജ് നിര്വഹിച്ചിട്ടുണ്ടായിരുന്നില്ല. കേരളത്തിൽ നിന്ന് ഉമ്മ സൈനബ മക്കയിലെത്തിയ ശേഷം അവരോടൊപ്പമായിരിക്കും ശിഹാബ് ചോറ്റൂർ ഹജ്ജ് നിർവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.