ക്വാറന്റീൻ പാക്കേജിൽ പ്രവാസികളെ പിഴിഞ്ഞ് ഏജന്റുമാർ
text_fieldsറിയാദ്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിൽനിന്ന് നേരിട്ട് സൗദിയിലെത്തുന്ന പ്രവാസികളെ ഏജന്റുമാർ പിഴിയുന്നു. മികച്ച വാഗ്ദാനങ്ങൾ അവതരിപ്പിച്ച് പാക്കേജിൽ പ്രവാസികളെ സൗദിയിലെത്തിക്കുന്ന ഏജന്റുമാർ പക്ഷേ, വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. പ്രതിരോധ കുത്തിവെപ്പെടുത്തവരുമാണ് ഇപ്പോൾ നാട്ടിൽനിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നത്. ഇവർ വിമാനടിക്കറ്റും അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുമായി ഭീമമായ തുക ഏജന്റുമാർക്ക് നൽകിയാണ് വരുന്നത്. ഈ പാക്കേജിന് 85,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് പലരും നൽകിയത്. പാക്കേജിൽ ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഒരാൾക്ക് സിംഗ്ൾ റൂമും അഞ്ചു ദിവസത്തെ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. സൗദിയിലെത്തി ആദ്യ ദിനംതന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുമെന്നും അഞ്ചു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞും ടെസ്റ്റ് നടത്തുമെന്നും പറയുന്നു.
ഗ്രൂപ്പുകളായി തിരിച്ചു കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും സൗദിയിൽ എത്തിക്കുന്ന പ്രവാസികളെ വിമാനത്താവളം മുതൽ ഏജന്റുമാർ ചൂഷണം ചെയ്യൽ ആരംഭിക്കുന്നു. ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കാതെ ബസുകളിൽ ഹോട്ടലുകളിൽ എത്തിക്കുന്ന ഇവരെ ഒരു റൂമിൽ മൂന്നും നാലും പേരെ വീതം നിർബന്ധിച്ചു താമസിപ്പിക്കുന്നു.
ഇതിനെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പൊലീസിൽ പരാതിപ്പെടും എന്നു പറഞ്ഞ ചിലരെ റിയാദ് നഗരത്തിൽനിന്ന് മാറി ചില ഹോട്ടലുകളിൽ റൂം നൽകി ഏജന്റുമാർ കൈയൊഴിയുകയാണ്. കൂടാതെ, കൃത്യമായ ഭക്ഷണംപോലും ഇവർക്ക് ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് റിയാദിലെത്തിയ പ്രവാസി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
നാലു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ ഉടനെ ഇവരെ റൂമുകളിലേക്ക് പോകാൻ നിർബന്ധിക്കുന്ന ഏജന്റുമാർ കോവിഡ് ടെസ്റ്റ് നടത്തിയ രേഖകൾ നൽകുന്നില്ല. സ്വന്തമായി പണം ചെലവഴിച്ച് ടെസ്റ്റ് നടത്തിയാണ് പലരും പുറത്തിറങ്ങുന്നതും 'തവക്കൽന'യിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടുന്നതും.
നാട്ടിൽനിന്ന് ഇവരെ കയറ്റിവിടുന്ന ഏജന്റുമാരുമായി പലതവണ ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്നു ഹോട്ടലുകളിൽ കഴിയുന്ന പ്രവാസികൾ പറയുന്നു.
ഒരു വർഷവും അതിലധികവും നാട്ടിൽ കുടുങ്ങി ഒടുവിൽ കടവും മറ്റും വാങ്ങി ഭീമമായ തുക ഏജന്റുമാർക്ക് നൽകി സൗദിയിലെത്തുന്ന പ്രവാസികളെ ചൂഷണംചെയ്യുന്ന ഈ ഏജന്റുമാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് സൗദിയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ആവശ്യപ്പെടുന്നു. ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രവാസികൾ പ്രതികരിക്കണമെന്ന് സംഘടന പ്രതിനിധികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.