ഖത്വീഫിലെ കാർഷികമേഖല ഉണരുന്നു; വിവിധ കൃഷികളിൽ നിരവധിപേർ സജീവമാകുന്നു
text_fieldsഖത്വീഫിലെ ഒരു കാർഷികോൽപന്ന മാർക്കറ്റ്
ദമ്മാം: കിഴക്കൻ സൗദിയിലെ കാർഷികമേഖലയായ ഖത്വീഫിൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും കൂടുതൽ സജീവമാകുന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരമ്പരാഗത കാർഷിക സംസ്കാരങ്ങളെ തിരികെയെത്തിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി നിരവധി പേരാണ് കൃഷിയിലേക്ക് മടങ്ങിവരുന്നത്. മറ്റ് ജോലികൾ ചെയ്യുന്നവർ പോലും പ്രകൃതിയുമായി ഇണങ്ങി കൃഷികളിൽ ഏർപ്പെടാൻ തുടങ്ങിയത് ഈ മേഖലക്ക് പുത്തൻ ഉണർവാണ് സമ്മാനിച്ചതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
കൃഷി സജീവമായതോടെ ചെറുകിടവ്യാപാരികൾ, വിള ശേഖരണകമ്പനികൾ, തൊഴിലാളികൾ തുടങ്ങി നിരവധി ഘടകങ്ങൾ കൂടുതൽ സജീവമായിട്ടുണ്ട്. കൃഷിയോടൊപ്പം കർഷകരുടെ സംഘങ്ങൾ രൂപപ്പെടുകയും ഒഴി വുനേരങ്ങളിൽ ഒത്തുകൂടി പാരമ്പര്യ വിനോദപരിപാടികൾ അവതരിപ്പിക്കുന്നത് സാംസ്കാരിക, കലാ മേഖലകളേയും കൂടുതൽ ഊർജസ്വലമാക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക കമ്പോളങ്ങളിൽ വ്യത്യസ്തമായ പ്രാദേശിക വിളകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
ഇതും കർഷകരെ കൂടുതൽ ഉത്സാഹത്തിലാക്കുന്നുണ്ട്. പുതിയതരം പഴങ്ങൾ, പച്ചക്കറികൾ, തേൻ, ഈന്തപ്പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, ഈന്തപ്പഴം സിറപ്പ്, ഓർഗാനിക് തക്കാളി സോസുകൾ, ഔഷധസസ്യങ്ങൾ എന്നിങ്ങനെ വൈവിധ്യവിഭവങ്ങൾ നിറയുന്ന 60ലധികം കടകളും ഖത്വീഫിൽ സജീവമായി പ്രവർത്തിക്കുന്നു.
തേനീച്ച വളർത്തുന്നവരും പരമ്പരാഗത ഭക്ഷ്യ ഉൽപാദകരും ഈ മേഖലയിൽ സജീവമാണ്. ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണക്കുന്ന 100 ശതമാനം ജൈവ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കുന്ന തോട്ടങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണന മാതൃക രാജ്യത്താകമാനം വ്യാപിപ്പിക്കേണ്ടതാണെന്ന് കിഴക്കൻ പ്രവിശ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ ജനറൽ ഫഹദ് അൽ ഹംസി പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുമായി യോജിച്ച് ഇത് പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയും ദേശീയ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.