തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എ.ഐ ഉപയോഗിക്കും -ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എ.ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ തലാൽ അൽഷൽഹൂബ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ സ്മാർട്ട് മൊബൈൽ ഉപകരണം ഉപയോഗിക്കുന്നതിനെക്കുറിച്ച് മക്കയിൽ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ഇത് വിശുദ്ധ ഭവനിലേക്ക് വരുന്ന തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും. ഹജ്ജ് പെർമിറ്റുകൾ പരിശോധിക്കാൻ സാങ്കേതിക പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. വഞ്ചനയും ചതിയും ഇല്ലാതാക്കുന്നതിന് ‘ബലി’യുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പരിശോധിക്കുമെന്നും ആഭ്യന്തര വക്താവ് പറഞ്ഞു.
വ്യാജ ഹജ്ജ് പെർമിറ്റുകൾക്കും വഞ്ചന ലക്ഷ്യമിട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുമെതിരെ ആഭ്യന്തര മന്ത്രാല വക്താവ് മുന്നറിയിപ്പു നൽകി. പെർമിറ്റില്ലാതെ ഹജ്ജ് ചെയ്താൽ പിഴ 10,000 റിയാലാണ്. പിഴ പൗരന്മാർക്കും താമസക്കാർക്കും ബാധകമാണ്. പെർമിറ്റില്ലാതെ പത്ത് പേരെ ഹജ്ജിന് ഒരു വാഹനത്തിൽ മക്കയിലേക്കുകൊണ്ടുവന്ന് പിടിക്കപ്പെട്ടാൽ അവരിൽ ഒരോരുത്തർക്കും പിഴ ചുമത്തും. ദുൽഖഅദ് 25 മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ അനുമതിയില്ലാതെ പിടിക്കപ്പെടുന്ന ആർക്കും പിഴ ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ‘മക്ക റൂട്ട്’ ഇപ്പോൾ ഏഴ് രാജ്യങ്ങളിൽ സേവനം നൽകുന്നുണ്ട്. മലേഷ്യയിലാണ് ആരംഭിച്ചത്. ശേഷം ഇന്തോനേഷ്യ, ബംഗ്ലാദേശ്, ടുണീഷ്യ മൊറോക്കോ, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആരംഭിച്ചു. തുർക്കിയിലും പാക്കിസ്ഥാനിലും രണ്ട് വിമാനത്താവളങ്ങളിലും ഇന്തോനേഷ്യയിൽ മൂന്ന് വിമാനത്താവളിലുമായി പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.