പ്രളയബാധിതർക്ക് സഹായം: 50 ടൺ വസ്തുക്കളുമായി മൂന്നാമത് സൗദി വിമാനം ലിബിയയിലെത്തി
text_fieldsയാംബു: ലിബിയയിലെ പ്രളയത്തിലും ചുഴലിക്കാറ്റിലും പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സൗദി അറേബ്യയുടെ സഹായം തുടരുന്നു. 50 ടൺ ഭക്ഷണവും പാർപ്പിട സഹായവും വഹിച്ചുകൊണ്ട് റിയാദിൽ നിന്ന് പുറപ്പെട്ട മൂന്നാമത്തെ ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസിലെത്തി.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിന്റെ (കെ.എസ്. റിലീഫ്) പ്രത്യേക സംഘം ലിബിയൻ റെഡ് ക്രസൻറുമായി ഏകോപിപ്പിച്ചാണ് സഹായവിതരണം നടത്തുന്നത്. വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഈ മാസം ഒമ്പതിന് രാത്രിയാണ് ലോകത്തെ നടുക്കിയ വൻ ദുരന്തമുണ്ടാക്കി വെള്ളപ്പൊക്കമുണ്ടായത്. 1,20,000 ജനസംഖ്യയുള്ള ഡെർന നഗരത്തിലാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള രണ്ട് അണക്കെട്ടുകൾ ഒന്നിച്ച് തകർന്നതാണ് വൻ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.
നഗരമധ്യത്തിലൂടെ ഒഴുകുന്ന ഡെർന നദി കരകവിഞ്ഞൊഴുകി സമീപപ്രദേശങ്ങളെയെല്ലാം വെള്ളത്തിൽ മുക്കി ആയിരക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചു. വൻ സ്വത്തുനാശവുമുണ്ടാക്കി. പ്രളയ ദുരന്തത്തിൽ ഇതുവരെ 11,300 പേർ മരിച്ചതായാണ് റിപ്പോർട്ട്. 9000 പേരെ കാണാതായെന്നും സൂചനയുണ്ട്. ദുരന്തമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനവും പുനരധിവാസവും ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് അവിടെയുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വൈദ്യുതി, ആശയവിനിമയ ബന്ധങ്ങൾ തകരാറിലായി. റോഡുകളും പാലങ്ങളും തകർന്നു. ദുരിതബാധിതരെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
സൗദി അറേബ്യയെ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളും ഈജിപ്ത്, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭക്കു കീഴിലെ വിവിധ ഏജൻസികളും ഇതിനകം ലിബിയക്ക് സഹായവുമായി രംഗത്തുവന്നിട്ടുണ്ട്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് 90 ടൺ ഭക്ഷണവും മറ്റു പാർപ്പിടസൗകര്യങ്ങളും ദിവസങ്ങൾക്ക് മുമ്പുതന്നെ ആദ്യ സഹായമായി സൗദി ലിബിയയിൽ എത്തിച്ചിരുന്നു. ആവശ്യമായ സഹായങ്ങൾ തുടർന്നും നൽകുമെന്നും ദുരിതംപേറുന്ന ലിബിയൻ ജനതയോടൊപ്പം നിൽക്കുമെന്നും സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.