ഗസ്സക്ക് സഹായം: 1,246 ടൺ വസ്തുക്കളുമായി സൗദിയുടെ മൂന്നാം കപ്പൽ സൈദ് തുറമുഖത്തെത്തി
text_fieldsയാംബു: ഇസ്രായേൽ ആക്രമണം രണ്ടുമാസം പിന്നിട്ട ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യ. ദുരിതാശ്വാസ സഹായങ്ങൾ വഹിച്ചുള്ള സൗദിയുടെ മൂന്നാമത്തെ കപ്പൽ ഈജിപ്തിലെ സൈദ് തുറമുഖത്തെത്തി. ജിദ്ദയിൽ നിന്ന് പുറപ്പെട്ട കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ കപ്പലിൽ 1,246 ടൺ വസ്തുക്കൾ നിറച്ച 300 വലിയ കണ്ടെയ്നറുകളാണുള്ളത്.
200 കണ്ടെയ്നറുകളിൽ ഗസ്സയിലുള്ള ആശുപത്രികളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മെഡിക്കൽ സാമഗ്രികളും മരുന്നുമാണുള്ളത്. 100 കണ്ടെയ്നറുകളിൽ കുട്ടികൾക്കാവശ്യമായ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, തമ്പുകൾ നിർമിക്കാനാവശ്യമായ സാമഗ്രികൾ എന്നിവയാണുള്ളത്. ഈജിപ്തിലെത്തുന്ന സഹായവസ്തുക്കൾ റഫ അതിർത്തി കടന്ന് ട്രക്കുകളിലാണ് ഗസ്സയിലെത്തിക്കുന്നത്.
ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് തുടരുകയാണെന്നും സുഗമമായി എത്തിക്കാൻ നിയന്ത്രണമില്ലാതെ അതിർത്തി കവാടം തുറക്കണമെന്ന് സൗദി നിരന്തരമായി ആവശ്യപ്പെടുകയാണെന്നും സൗദിയുടെ സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വക്താവ് സമിർ അൽ ജതീലി പറഞ്ഞു. അടിയന്തിര ദുരിതാശ്വാസ സഹായ സാമഗ്രികളുമായി ഇതിനകം 25 വിമാനങ്ങളും സൗദി അയച്ചു. 573 ടൺ സാധനങ്ങളാണ് ഇതുവരെ ഗസ്സയിലെത്തിച്ചത്.
ആരോഗ്യ പ്രവർത്തനങ്ങൾക്കായി സൗദിയുടെ 14 ആംബുലൻസുകളും എത്തി. ഫലസ്തീൻ ജനതയെ സഹായിക്കാൻ ആരംഭിച്ച സൗദിയുടെ ജനകീയ കാമ്പയിന് വമ്പിച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. രാജ്യനിവാസികളായ 1,112,941 ആളുകളിൽ നിന്നായി 551,296,183 റിയാൽ സംഭാവന ലഭിച്ചു.
ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം ഇപ്പോഴും അനിവാര്യമാണ്. https://sahem.ksrelief.org എന്ന ‘സാഹിം’ പോർട്ടൽ വഴിയും അൽറാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയും എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോഴും സംഭാവന അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.