ജോർഡനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്ക് സഹായം
text_fieldsയാംബു: ജോർഡനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന സൗദി അറേബ്യയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതബാധിതരെ സഹായിക്കാൻ സൗദി അറേബ്യ സ്ഥാപിച്ച കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്‌ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) ആണ് 'കനാഫ് പ്രോജക്ട് 2022' എന്ന പേരിലുള്ള പദ്ധതി കഴിഞ്ഞദിവസം ജോർഡനിൽ ഉദ്ഘാടനം ചെയ്തത്.
ജോർഡനിയൻ ഹാഷിമൈറ്റ് ചാരിറ്റബിൾ ഓർഗനൈസേഷനുമായി (ജെ.എച്ച്.സി.ഒ) സഹകരിച്ച് അർഹരായവർക്ക് ശൈത്യകാല വസ്ത്രങ്ങൾ വാങ്ങാൻ പ്രത്യേക വൗച്ചറുകൾ നൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഏകദേശം 666 വൗച്ചറുകൾ ഇതിനകം വിതരണം ചെയ്തതായും 109 സിറിയൻ അഭയാർഥി കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. ആകെ 23,529 വൗച്ചറുകളാണ് വിതരണം ചെയ്യാൻ പദ്ധതിയെന്നും ജോർഡനിലെ കെ.എസ്. റിലീഫ് ഓഫിസ് ഡയറക്ടർ സഊദ് ബിൻ അബ്ദുൽ അസീസ് അൽ ഹസീം അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെ.എസ്. റിലീഫ് ആഗോളതലത്തിൽത്തന്നെ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി സൊമാലിയയിലെ അഡോൾ, സഹേൽ മേഖലകളിൽ ദുരിതാശ്വാസ ഏജൻസി 290 ടൺ ഭക്ഷണ കുട്ടകളും ഇതിനകം വിതരണം ചെയ്തു. സൊമാലിയയിലെ നിരാലംബരായ കുടിയിറക്കപ്പെട്ടവരും വരൾച്ചബാധിത പ്രദേശങ്ങളിൽപെട്ടവരുമായ 2,55,000 പേർക്ക് ഉപകരിക്കുന്ന വിധത്തിൽ 2,800 ടണ്ണിലധികം ഭക്ഷണ കുട്ടകൾ വിതരണം ചെയ്യാനും കെ.എസ് റിലീഫ് ലക്ഷ്യം വെക്കുന്നതായി അധികൃതർ അറിയിച്ചു.
ശീതകാലം അടുക്കുമ്പോഴേക്കും കെ.എസ് റിലീഫ് പിന്തുണയോടെ നിർധനരായ കുടുംബങ്ങൾക്ക് തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ വാങ്ങാനുള്ള വൗച്ചർ വിതരണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജെ.എച്ച്.സി.ഒ സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ അൽ ശിബ്‌ലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.