സാംസ്കാരിക മന്ത്രിയുടെ ഇന്ത്യ സന്ദർശനം സമാപിച്ചു സിനിമ വ്യവസായം വികസിപ്പിക്കുക ലക്ഷ്യം -സാംസ്കാരിക മന്ത്രി
text_fieldsജിദ്ദ: സൗദി സാംസ്കാരിക മന്ത്രിയും ഫിലിം അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ മൂന്ന് ദിവസം നീണ്ട ഇന്ത്യ സന്ദർശനം സമാപിച്ചു. ഇന്ത്യയിലെ ചലച്ചിത്ര വ്യവസായവുമായി സഹകരിക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഫിലിം അതോറിറ്റിയും നാഷനൽ കമ്പനിയുടെ പ്രതിനിധികളും അടങ്ങുന്ന സംഘം സാംസ്കാരിക മന്ത്രിക്കൊപ്പം ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായുള്ള സഹകരണം വർധിപ്പിക്കുക, ഇന്ത്യൻ സിനിമകളെ സൗദിയിൽ ചിത്രീകരണത്തിനായി ആകർഷിക്കുന്നതിനു വേണ്ട കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. പരിശീലന പരിപാടികൾ നടപ്പാക്കുക, സിനിമ വ്യവസായങ്ങളിലെ നിക്ഷേപം വികസിപ്പിക്കുക, രാജ്യത്തെ സിനിമ നിർമാണ സംവിധാനത്തെ പിന്തുണക്കുന്നതിനുള്ള സഹകരണം തേടുക എന്നിവയും സന്ദർശനത്തിലുൾപ്പെട്ടിരുന്നു.
സിനിമ വ്യവസായത്തിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ സന്ദർശനമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. പരസ്പര ബന്ധിതമായ ലോകത്ത് അർഥവത്തായ സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിൽ സിനിമ ശക്തമായ ഒരു ഉപകരണമാണ്. സമ്പദ്വ്യവസ്ഥക്ക് പ്രധാന സംഭാവന നൽകുന്ന മേഖലയാണ്. ഇന്ത്യയിലെ ഞങ്ങളുടെ സന്ദർശനം അവിടുത്തെ വളർന്നു വരുന്ന സിനിമ വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങളെ പ്രാപ്തമാക്കും. പങ്കാളിത്തത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമം കൂടിയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് ഞങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും പ്രതിഭകളുടെയും തണലിൽ ലോകത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ആകർഷകമായ ലൊക്കേഷനാകാൻ സൗദി അറേബ്യ തയാറാണെന്ന് ഫിലിം അതോറിറ്റി സി.ഇ.ഒ അബ്ദുല്ല ആലു അയാഫ് അൽകഹ്താനി പറഞ്ഞു. ഈ സഹകരണം രാജ്യത്തിന്റെ ചലച്ചിത്ര മേഖലയുടെ കൂടുതൽ വികസനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.