ഹജ്ജ്: പുണ്യസ്ഥലങ്ങളിൽ പറക്കും ടാക്സി
text_fieldsമക്ക: ഹജ്ജ് വേളയിലെ തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനായി പറക്കും ടാക്സിയും. പരീക്ഷണപ്പറക്കൽ സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസുള്ള ലോകത്തെ ആദ്യ എയർ ടാക്സിയായിരിക്കുമിത്. ഇലക്ട്രിക് സംവിധാനത്തിലാണ് പറക്കുന്നത്.
അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽ ദുവൈലെജ്, ഗതാഗത-ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ്, പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണപ്പറക്കൽ. മക്കയിൽ ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾക്കും മസ്ജിദുൽ ഹറാമിനുമിടയിൽ തീർഥാടകരുടെ യാത്രക്കാണ് ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങളിൽ തീർഥാടകർക്ക് യാത്രക്കും മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കലുമാണ് പ്രധാന ലക്ഷ്യം.
ഭാവിയിലെ ഏറ്റവും പുതിയ ഗതാഗത സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിലും നൂതന ഗതാഗത മാതൃകകൾ സ്വീകരിക്കുന്നതിലുമുള്ള ഗതാഗത-ലോജിസ്റ്റിക് സംരംഭത്തിന്റെ ഭാഗമാണ് പറക്കും ടാക്സിയെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള പുതിയതും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷമൊരുക്കാനും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആധുനിക എയർ മൊബിലിറ്റി പ്രാപ്തമാക്കുന്നതിനുള്ള റോഡ് മാപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് എയർ ടാക്സിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ പറഞ്ഞു. തിരക്കേറിയ പ്രദേശങ്ങളിൽ യാത്രക്കാരുടെ യാത്രാസമയം കുറക്കുക, ആളില്ലാ വിമാനത്തിലൂടെ നിരീക്ഷണ, പരിശോധന ജോലികൾ വേഗത്തിൽ പൂർത്തിയാക്കുക എന്നതെല്ലാമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.