എയർഡ്രോപ് ഓപറേഷനിലൂടെ ഗസ്സ മുനമ്പിൽ സൗദി ഭക്ഷണമെത്തിച്ചു
text_fieldsറിയാദ്: അതിർത്തി കടന്നുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ തടസ്സം മറികടക്കുക എന്ന ലക്ഷ്യത്തോടെ ജോർഡന്റെ സഹകരണത്തോടെ സൗദി അറേബ്യ ഗസ്സ മുനമ്പിൽ ആകാശമാർഗം ഭക്ഷണപ്പൊതികൾ എത്തിച്ചതായി സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ്. റീലീഫ് മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു. കരമാർഗം ദുരിതാശ്വാസമെത്തിക്കുന്നത് തടയാൻ ഇസ്രായേൽ അധിനിവേശ സേന സൃഷ്ടിക്കുന്ന അടച്ചുപൂട്ടലിനെ തകർക്കാൻ ജോർഡാനിയൻ ചാരിറ്റി ഓർഗനൈസേഷന്റെയും ജോർഡാനിയൻ സായുധ സേനയുടെയും (അറബ് ആർമി) സഹകരണത്തോടെയാണ് എയർഡ്രോപ് ഓപറേഷൻ സാധ്യമാക്കിയത്. ഗുണപരമായ ഭക്ഷണം ദുരിതബാധിതർക്ക് നേരിട്ടെത്തിക്കാനുള്ള ഈ ശ്രമം വിജയകരമായിരുന്നെന്നും അദ്ദേഹം സൗദി പ്രസ് ഏജൻസിയോട് വിശദീകരിച്ചു.
എയർഡ്രോപ് നടത്താൻ ആവശ്യമായ പാരച്യൂട്ടുകളും പ്രത്യേക വലകളുമാണ് ജോർഡൻ നൽകിയത്. അവ ഉപയോഗിച്ച് കെ.എസ്. റിലീഫ് സെൻറർ 30 ടൺ ഭക്ഷ്യവസ്തുക്കളാണ് ജനങ്ങൾക്ക് നേരിട്ടെത്തിച്ചത്. സ്റ്റൗവ് ഉപയോഗിച്ച് ചൂടാക്കാതെ തന്നെ നേരിട്ട് ഉപയോഗിക്കാൻ അനുയോജ്യമാണ് ഈ ഭക്ഷ്യവസ്തുക്കൾ. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഗസ്സ മുനമ്പിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് അടിയന്തര സഹായങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിൽ തീവ്രതാൽപര്യമാണ് പുലർത്തുന്നതെന്ന് ഡോ. റബീഅ പറഞ്ഞു.
ഗസ്സ മുനമ്പിലെ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കാനും അവിടെയുള്ള സഹോദരങ്ങൾക്ക് സാധ്യമായ എല്ലാ വഴികളിലും സഹായങ്ങൾ എത്തിക്കാനും ശ്രമിക്കുേമ്പാൾ അത് തടയാനുള്ള നീക്കമാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാൽ എയർഡ്രോപ് ഓപറേഷനിലൂടെ ഈ പ്രശ്നത്തെ മറികടക്കാനുള്ള ശ്രമമാണ് വിജയം കാണുന്നത്. എന്നാലും അതിർത്തികൾ തുറന്ന് മാനുഷിക ഇടനാഴികൾ സുഗമമാക്കാൻ സൗദി അറേബ്യ അധിനിവേശ സേനയോട് ശക്തമായി ആവശ്യപ്പെടുകയാണ്.
ഇസ്രായേൽ ആക്രമണം മൂലം ഗസ്സ മുനമ്പിൽ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസം മുതൽ സൗദി ഇടപെടുകയും പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന യുദ്ധത്തിനെതിരെ ശക്തമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ ഉടൻ സൗദി ഒരു വലിയ ജനകീയ ധനസമാഹരണ കാമ്പയിൻ ആരംഭിച്ചു. 184 ദശലക്ഷം യു.എസ് ഡോളറിലധികം തുകയാണ് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്. കൂടാതെ 54 വിമാനങ്ങളും എട്ട് കപ്പലുകളും അടങ്ങുന്ന ഒരു വലിയ സംവിധാനം സജ്ജമാക്കി ഗസ്സയിൽ ദുരിതാശ്വാസ സഹായം എത്തിക്കാനുള്ള ദൗത്യവും ആരംഭിച്ചു. അതിപ്പോഴും തുടരുകയാണ് -ഡോ. അബ്ദുല്ല അൽ റബീഅ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.