‘അവസാനിക്കാത്ത ആകാശച്ചതികൾ’ക്കെതിരെ ജനകീയ പ്രതിരോധം
text_fieldsജിദ്ദ: പ്രവാസികളെ ചൂഷണം ചെയ്യുന്ന എയർലൈൻ കമ്പനികളുടെ ആകാശക്കൊള്ളക്കെതിരെ ജിദ്ദ സെൻട്രൽ ഐ.സി.എഫ് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. എയർലൈൻ അധികൃതര് പ്രവാസികൾക്കെതിരെ നടത്തുന്ന ക്രൂരതകൾ തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. കാരണങ്ങളൊന്നുമില്ലാതെ യാത്ര വൈകിപ്പിക്കൽ, സീസൺ സമയങ്ങളിൽ നിരക്ക് വർധനയിൽ നിയന്ത്രണമില്ലായ്മ, ആവശ്യങ്ങൾക്ക് ഷെഡ്യൂൾ ഇല്ലാതിരിക്കൽ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ജനകീയ സദസ്സിൽ ചർച്ചക്ക് വിധേയമായി.
ഇന്ത്യൻ വിമാനക്കമ്പനികളുടെ വാർഷിക വരുമാനത്തിൽ അധികവും ശേഖരിക്കപ്പെടുന്ന കേരളത്തിലുള്ള പ്രവാസികളോടാണ് കൂടുതലും ഇത്തരത്തിൽ നിലക്കാത്ത രീതിയിലുള്ള അരുതായ്മകൾ നടന്നുകൊണ്ടിരിക്കുന്നത്. എയർലൈൻ ലോബിയുടെ താൽപര്യങ്ങൾ, വിമാനക്കമ്പനികളുടെ സ്വകാര്യവത്കരണം, സീറ്റ് അവൈലബിലിറ്റിയുടെ കുറവ് എന്നിവ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കുന്നു. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം ദുഷ്ടപ്രവൃത്തികൾക്കെതിരെ ഒരുമിച്ചുള്ള ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് ചർച്ച ഉദ്ഘാടനം ചെയ്തു വിഷയമവതരിപ്പിച്ച കേരളം മുസ്ലിം ജമാഅത്ത് സെക്രട്ടറി എ. അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
പെരുന്നാൾ, മറ്റു ഉത്സവ സീസണുകളിൽ കൂട്ടുന്ന ഇത്തരം കൊള്ളക്ക് മുന്നിൽ നിൽക്കുന്നത് എയർ ഇന്ത്യ വിമാന കമ്പനിയാണ്. ജെറ്റ് ഇന്ധനങ്ങൾക്ക് വിലകുറഞ്ഞ സമയങ്ങളിൽ പോലും ഈ നിരക്ക് വർധന അനുഭവപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കൽ കാരണം പ്രവാസിയുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ അടുക്കൽ എത്താൻ കഴിയാതെ മരിച്ചത് ഈ പ്രശ്നങ്ങളുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കും അവകാശ സംരക്ഷണങ്ങൾക്കും പ്രവാസികൾ മാത്രമെ കാണൂ എന്നും കൂട്ടായ്മയിലൂടെ ഇത്തരം ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങൾ സാധ്യമാവേണ്ടതുണ്ടെന്നും സംഗമം ഊന്നിപ്പറഞ്ഞു. കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), നാസർ വെളിയങ്കോട് (കെ.എം.സി.സി), ഹിഫ്സുറഹ്മാൻ (സൈൻ ചാപ്റ്റർ ജിദ്ദ), കബീർ കൊണ്ടോട്ടി (മീഡിയ ഫോറം), ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ), ഫൈസൽ കോടശ്ശേരി (നവോദയ), ബഷീർ അലി പരുത്തിക്കുന്നൻ (ഒ.ഐ.സി.സി), അബൂബക്കർ സിദ്ദീഖ് (ആർ.എസ്.സി) തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.
മുജീബ് എ.ആർ നഗർ മോഡറേറ്ററായിരുന്നു. ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡൻറ് ഹബീബ് തങ്ങൾ, മക്ക പ്രൊവിൻസ് സെക്രട്ടറിമാരായ സൈദ് കൂമണ്ണ, മുഹമ്മദ് അലി മാസ്റ്റർ, മർക്കസ് ഗ്ലോബൽ സെക്രട്ടറി ഗഫൂർ വാഴക്കാട്, ആർ.എസ്.സി ജിദ്ദ സെക്രട്ടറി ആശിഖ് ഷിബിലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും മുഹ്സിൻ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.