പ്രവാസികളുടെ യാത്രാപ്രശ്നം; സർക്കാറിന് ഉത്തരവാദിത്തമുണ്ട് -ഐ.സി.എഫ് ദമ്മാം ജനകീയ സദസ്സ്
text_fieldsദമ്മാം: നിലയ്ക്കാത്ത യാത്രാദുരിതവും എയർലൈനുകളുടെ കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന പേരിൽ ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡൻറ് ശംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. അഹമ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പ്രാർഥന നടത്തി. അബ്ബാസ് തെന്നല വിഷയം അവതരിപ്പിച്ചു. കെ.എം.സി.സി, നവോദയ, നവയുഗം, ഒ.ഐ.സി.സി, ആർ.എസ്.സി സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസൽ ഇരിക്കൂർ, പ്രദീപ് കൊട്ടിയം, സജീഷ്, മോഹനൻ, ജിഷാദ് ജാഫർ എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ അവശ്യ സേവനങ്ങളിൽ ഒന്നായ വിമാന സർവിസ് രംഗത്തുനിന്ന് സർക്കാറിന്റെ പിന്മാറ്റവും സ്വകാര്യവൽകരണത്തിന്റെ ഭാഗമായ കുത്തകകളുടെ കടന്നുകയറ്റവുമാണ് ഗൾഫ് പ്രവാസികളുടെ യാത്രാദുരിതത്തിന് പിന്നിൽ സീസൺ സമയങ്ങളിൽ നടത്തുന്ന പെരുംകൊള്ളക്ക് പുറമെ യാത്രകൾ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവൽപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ രാഷ്ട്രീയപാർട്ടികളും അധികാരികളും പരാജയപ്പെടുന്നു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്നത്തിൽ പ്രായോഗിക പരിഹാരം കാണുന്നതുവരെ ഐ.സി.എഫ് സമരരംഗത്തുണ്ടാകുമെന്ന് സംഗമം പ്രമേയത്തിലൂടെ അറിയിച്ചു. മാധ്യമപ്രവർത്തകരായ റഫീഖ് ചെമ്പോത്തറ, ലുഖ്മാൻ വിളത്തൂർ, ട്രാവൽ രംഗത്തെ മുഹമ്മദലി കണ്ണൂർ, സാമൂഹിക പ്രവർത്തകരായ നാസ് വക്കം, ഹമീദ് വടകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുനീർ തോട്ടട പ്രമേയം അവതരിപ്പിക്കുകയും സലീം പാലച്ചിറ ചർച്ച സംഗ്രഹിക്കുകയും ചെയ്തു. ജഅ്ഫർ സ്വാദിഖ് സ്വാഗതവും ഹർഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.