പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
text_fieldsറിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രക്കായി വിമാന കമ്പനികളെ സമീപിക്കുന്ന പ്രവാസികളിൽനിന്ന് നാലിരട്ടി ടിക്കറ്റിന് തുക ഈടാക്കുന്നതായി പരാതി. ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ പ്രവാസിക്ക് യാത്ര വിലക്ക് നിലവിലുള്ളതിനാൽ പലരും മറ്റു പല രാജ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്. ബഹ്റൈൻ, മാലദ്വീപ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് നാട്ടിൽ നിന്നും പ്രവാസികൾ സൗദിയിലേക്ക് എത്തുന്നത്.
മുമ്പ് വിമാനടിക്കറ്റും 14 ദിവസത്തെ താമസ സൗകര്യവും ഉൾപ്പെടെ 85,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഏജൻസികൾ ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വിമാന ടിക്കറ്റിനു മാത്രം കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് 83,000 രൂപ വരെ ഈടാക്കുന്നതായി പ്രവാസികൾ പറയുന്നു. വിസയുടെ കാലാവധി കഴിയാറായതിനാൽ പലരും ഈ ഭീമമായ തുകക്ക് ടിക്കറ്റ് എടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. സാധാരണക്കാരായ പ്രവാസികൾക്ക് ഇത് താങ്ങാൻ കഴിയുന്നതല്ല. മാസങ്ങളായി നാട്ടിൽ കുടുങ്ങി പ്രയാസമനുഭവിക്കുന്ന പ്രവാസിക്ക് ഈ കടമ്പ കടക്കുക പ്രയാസമാണ്. സാധാരണ തൊഴിലിടങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികൾ സ്വന്തം ചെലവിലാണ് യാത്ര ടിക്കറ്റുകൾ എടുക്കുന്നത്.
ഇവർക്ക് തൊഴിലിടങ്ങളിൽനിന്ന് യാത്ര ചെലവ് നൽകാത്തതിനാൽ ഈ തുകക്ക് ടിക്കറ്റെടുത്ത് സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ അവസ്ഥ മറികടക്കാൻ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസുകൾ ആരംഭിക്കുകയേ നിർവാഹമുള്ളൂ എന്നാണ് പ്രവാസികൾ പറയുന്നത്. വിമാന കമ്പനികളുടെ കൊള്ളക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.