പി.സി.ആർ ഫലത്തിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം; പലരുടെയും യാത്ര മുടങ്ങി
text_fieldsറിയാദ്: സൗദി ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് തിങ്കളാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയ ഉത്തരവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പലരുടെയും യാത്ര മുടങ്ങാനിടയാക്കി.
തിങ്കളാഴ്ച നിയമം പ്രാബല്യത്തിലായെന്ന വിശ്വാസത്തിൽ പി.സി.ആർ പരിശോധന ഫലമില്ലാതെ നാട്ടിൽ പോകാൻ റിയാദ് എയർപോർട്ടിൽ എത്തിയവരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാവിലെ സൗദി എയർലൈൻസിൽ യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയവരോട് പി.സി.ആർ ഫലമില്ലാതെ യാത്ര ചെയ്യാനാവില്ലെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു.
11.45-ന് കൊച്ചിയിലേക്ക് പോകേണ്ട എസ്.വി. 774 വിമാനത്തിൽ യാത്ര ചെയ്യാൻ രാവിലെ എട്ടോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം എയർലൈൻ അധികൃതർ അറിയിച്ചത്. നിരവധിയാളുകൾ ഇതോടെ പ്രതിസന്ധിയിലായി. തിരിച്ചുപോയി പി.സി.ആർ പരിശോധന നടത്തി റിപ്പോർട്ടുമായി വരാനുള്ള സമയമുണ്ടായിരുന്നില്ല. എയർപോർട്ടിൽ മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭിക്കുന്ന ലാബുണ്ടെങ്കിലും അഞ്ചിരട്ടി വില ടെസ്റ്റിന് നൽകണം. അതോടെ യാത്ര മുടങ്ങി പലരും മടങ്ങി.
എന്നാൽ വിമാനത്താവളത്തിൽ പിന്നെയും കാത്തുനിന്ന ഏതാനും പേരെ അവസാന നിമിഷം അധികൃതർ കൊണ്ടുപോകാൻ തയാറായി. കേന്ദ്രസർക്കാർ ഉത്തരവ് സൗദി എയർലൈൻസിന് യഥാസമയം കിട്ടാതിരുന്നതാണോ ആശയക്കുഴപ്പത്തിന് കാരണമെന്ന് സംശയം ഉയർന്നിട്ടുണ്ട്.
ഇൻഡിഗോ, എമിറേറ്റ്സ് തുടങ്ങിയ മറ്റ് വിമാന കമ്പനികൾ ചൊവ്വാഴ്ച പി.സി.ആർ റിപ്പോർട്ട് ഇല്ലാതെ തന്നെ യാത്രക്കാരെ കൊണ്ടുപോവുകയും ചെയ്തു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി.സി.ആർ റിസൾട്ട് വേണ്ടെങ്കിലും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.