യൂസേഴ്സ് ഫീ വർധന ഉടൻ പിൻവലിക്കുക -ദമ്മാം നവോദയ
text_fieldsദമ്മാം: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള യൂസേഴ്സ് ഫീ ഇരട്ടിയാക്കിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്ന് നവോദയ സാംസ്കാരിക വേദി ദമ്മാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. അവധിക്കാലമെത്തിയതോടെ വിമാന കമ്പനികൾ ഒരു ദാക്ഷിണ്യവുമില്ലാതെ അനുദിനം വിമാന യാത്രാനിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാസികളിൽ പലരും ഈ ഭീമമായ യാത്രച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാൽ അവധിയുണ്ടായിട്ട് പോലും നാട്ടിൽ പോകാൻ കഴിയാതെ വലയുകയാണ്. ഇതിനിടയിലാണ് ഇരട്ട പ്രഹരമായി യൂസേഴ്സ് ഫീയിൽ ഇത്രയധികം വർധന വരുത്തിയിട്ടുള്ളത്. കേരളത്തിൽ അദാനി ഏറ്റെടുത്ത വിമാനത്താവളമാണ് തിരുവനന്തപുരം.
തെക്കൻ കേരളത്തിൽനിന്നും കന്യാകുമാരി ഉൾപ്പെടെയുള്ള തമിഴ്നാട് ജില്ലകളിൽനിന്നും വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് യാത്രക്കുള്ള ഏക ആശ്രയമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനുള്ള നീക്കത്തെ ശക്തമായി എതിർക്കുകയും കേരളം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതും ഈ അവസരത്തിൽ ഓർമിക്കപ്പെടേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് വേനലവധി ആരംഭിക്കുന്നതിന് തൊട്ട് മുമ്പായെടുത്ത ഈ നടപടി വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കാൻ പോവുന്നതെന്നും കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലും യൂസേഴ്സ് ഫീ വർധിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
എയർപോർട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നൽകുന്നത് എന്നതിനാൽ കേന്ദ്രസർക്കാർ ഉടൻ ഈ വിഷയത്തിൽ ഇടപെട്ട് യൂസേഴ്സ് ഫീ തീരുമാനം പിൻവലിക്കണമെന്നും പ്രവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
യൂസേഴ്സ് ഫീ വർധനയിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണം -ഒ.ഐ.സി.സി
ദമ്മാം: തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് ഫീ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭ്യർഥിച്ചു. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നും കന്യാകുമാരി, നാഗർകോവിൽ, തിരുന്നൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരുമായ പ്രവാസികളുടെ ഏക ആശ്രയമാണ് തിരുവനന്തപുരം എയർപോർട്ട്. നിലവിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നേരിട്ടുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങൾ വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നതിനാൽ ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. അതോടൊപ്പം യൂസേഴ്സ് ഫീ വർധനകൂടി വരുന്നത് പ്രവാസികൾക്ക് വലിയ ബാധ്യതയായി മാറുമെന്നും ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര സർവിസുകൾക്കും ചാർജ് വർധന ബാധകമായതിനാൽ ഇന്ത്യയിലെ ഇതര എയർപോർട്ടുകൾ വഴി കണക്ഷൻ വിമാനങ്ങളിൽ തിരുവനന്തപുരത്ത് എത്തുന്നവരെയും ഇത് ബാധിക്കും. ഈ വിഷയത്തിൽ അടിയന്തരമായി കേരളം സർക്കാറും കേരളത്തിൽ നിന്നുമുള്ള എം.പിമാരും ഇടപെടണമെന്നും കേന്ദ്ര സർക്കാറിലും എയർപോർട്ട് അതോറിറ്റിയിലും ശക്തമായ സമ്മർദം ചെലുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, നോർക്ക, കേരളത്തിൽനിന്നുള്ള എം.പിമാർ എന്നിവർക്ക് നിവേദനം നൽകുമെന്നും ബിജു കല്ലുമല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.