മനസ്സടുപ്പത്തിെൻറ കഥയുമായി 'അകലം' ആകർഷിക്കുന്നു
text_fieldsദമ്മാം: അകത്തിരിക്കാനും അകന്നിരിക്കാനും പഠിപ്പിച്ച കോവിഡ്കാല അനുഭവസാക്ഷ്യങ്ങളെ അടയാളപ്പെടുത്തി മനസ്സടുപ്പത്തിെൻറ കഥ പറയുകയാണ് 'അകലം' എന്ന ഹ്രസ്വ സിനിമ. ദമ്മാമിലെ ഒരു കൂട്ടം പ്രവാസി മലയാളികളാണ് മനോഹരമായി ചിത്രീകരിച്ച ഈ സിനിമക്കു പിന്നിൽ. കോവിഡ് കാലത്ത് പ്രവാസ ലോകത്ത് ഒറ്റപ്പെട്ട കുടുംബത്തിെൻറ കഥയാണ് സിനിമ പറയുന്നത്. കോവിഡ് മഹാമാരിയുടെ ആദ്യ കാലങ്ങളിൽ പ്രവാസ ലോകത്തുണ്ടായിരുന്ന പല അണുകുടുംബങ്ങളും അനുഭവിച്ചതിെൻറ നേർസാക്ഷ്യമാണ് ഇതിവൃത്തം. അച്ഛനും അമ്മയും കോവിഡ് ബാധിതരായതോടെ അടച്ചിട്ട ഫ്ലാറ്റിൽ നാലു വയസ്സുകാരി മകളെ ഒറ്റക്കാക്കി മുറിക്കകത്ത് ഇരിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥ പ്രേക്ഷകരുടെ ഉള്ള് തൊടും. സ്നേഹവും നന്മയും പകരാൻ ലോകത്തിെൻറ ഒരതിരും തടസ്സമല്ലെന്ന് ഈ കഥ പ്രേക്ഷകരോട് പറയുന്നു. ദമ്മാമിൽ പ്രവാസികളായ അനീഷ് പെരുമ്പാവൂരും ഭാര്യ ഷഹനയുമാണ് സിനിമയിൽ മാതാപിതാക്കളുടെ വേഷമിടുന്നത്. പ്രായത്തെ വെല്ലുന്ന പ്രകടനവും ചടുലനൃത്തച്ചുവടുകളുമായി ദമ്മാമിലെ സാംസ്കാരിക വേദികൾക്ക് സുപരിചിതയായ ധൻവി ഹരികുമാറാണ് കുട്ടിയെ അവതരിപ്പിക്കുന്നത്. സ്വദേശി പൗരനാണ് സിനിമയിലെ സൗദി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദമ്മാമിൽതന്നെയുള്ള ഉത്തരേന്ത്യൻ വനിതയും വേഷമിടുന്നു. ബാബുജി കുരുവിള നിർമിച്ച സിനിമ മുനീർ മുഴുപ്പിലങ്ങാടാണ് സംവിധാനം ചെയ്തത്. അഡ്വ. ആർ. ഷഹനയുടേതാണ് കഥയും സംഭാഷണങ്ങളും. റിലീസിന് തൊട്ടുപിന്നാലെ കൊച്ചിൻ ഇൻറർനാഷനൽ ഷോർട്ട് ഫിലിം അവാർഡിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. മൂവി രാഗ ചാനൽ വഴിയാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.