ആയിരങ്ങളെ ആകർഷിച്ച് അൽ-അഹ്സ ഈത്തപ്പഴോത്സവം
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റിയും അൽ-അഹ്സ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് സംഘടിപ്പിക്കുന്ന എട്ടാമത് അൽ-അഹ്സ ഈത്തപ്പഴോത്സവത്തിൽ സന്ദർശകരുടെ തിരക്ക്. കഴിഞ്ഞ ദിവസം സൗദിയിലെ ജാപനീസ് അംബാസർ ഫ്യൂമിയോ ഇവായി മേള സന്ദർശിച്ചു. സൗദിയുടെ സംസ്കാരിക ജീവിതത്തിന്റെ നേർചിത്രങ്ങൾ പ്രകടമാകുന്നതാണ് ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അൽ-അഹ്സ ഗവർണർ സഊദ് ബിൻ തലാൽ ബിൻ ബദറിെൻറ സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ആണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒരു ജനപ്രിയ കാർഷിക ഇനത്തിൽനിന്ന് ഒരു സാമ്പത്തിക, നിക്ഷേപ ഉൽപന്നമാക്കി ഇൗത്തപ്പഴത്തെ മാറ്റുന്നത് അൽ-അഹ്സയുടെയും പ്രത്യേകിച്ച് രാജ്യത്തിെൻറയും വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇത് അൽ-അഹ്സയുടെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈത്തപ്പഴ ഉൽപന്നങ്ങളുടെ വിപണനവും മത്സര നിലവാരവും വർധിപ്പിച്ച് ഫെസ്റ്റിവലിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിച്ച കിഴക്കൻ പ്രവിശ്യയുടെയും അൽ-അഹ്സയുടേയും ഗവർണർമാരെ അൽ-അഹ്സ മേയർ എസ്സാം അൽ-മുല്ല അഭിനന്ദിച്ചു. ഈന്തപ്പനകളും ഈത്തപ്പഴവും സംബന്ധിച്ച ചോദ്യോത്തര മത്സരപരിപാടികളും മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നുണ്ടെന്ന് അൽ മുല്ല പറഞ്ഞു. ഈത്തപ്പഴവും അനുബന്ധ ഉൽപന്നങ്ങൾക്കും പുറമേ പ്രാദേശിക കരകൗശല സ്റ്റോറുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
30,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏകദേശം 30 ലക്ഷം മരങ്ങളുള്ള അൽ-അഹ്സ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ്. ഫെബ്രുവരി 18 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.