അൽഅഖ്സയിലെ അതിക്രമം; സൗദിയും മുസ്ലിം വേൾഡ് ലീഗും അപലപിച്ചു
text_fieldsജിദ്ദ: ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രിയും ഒരു കൂട്ടം കുടിയേറ്റക്കാരും അൽഅഖ്സ മസ്ജിദിന്റെ മുറ്റത്തേക്ക് ഇരച്ചുകയറിയ നടപടിയെ സൗദി അറേബ്യ അപലപിച്ചു. ഇസ്രായേൽ മന്ത്രിയും ഒരു കൂട്ടം കുടിയേറ്റക്കാരും അൽഅഖ്സ മസ്ജിദിലേക്ക് ആസൂത്രിതമായി അതിക്രമിച്ചുകയറിയത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി ആഹ്വാനം ചെയ്തു. സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകുകയും ഈ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രിയും ഒരു കൂട്ടം കുടിയേറ്റക്കാരും അൽഅഖ്സ മസ്ജിദിന്റെ മുറ്റത്തേക്ക് ഇരച്ചുകയറിയതിനെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു.
ഇസ്ലാമിക പവിത്രതയെ ഹനിക്കുന്ന ഇത്തരം അസംബന്ധ പ്രവർത്തനങ്ങളെ മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അപകടകരമായ ലംഘനമാണ്.
ഇതിനെതിരെ ഗൗരവമായ അന്താരാഷ്ട്ര നടപടിയുണ്ടാകേണ്ടതുണ്ട്. അധിനിവേശ പ്രദേശങ്ങളിലെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളെ തുരങ്കംവെക്കുന്ന എല്ലാ ലംഘനങ്ങളും നിർത്തലാക്കണമെന്നും മുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയോടുള്ള പൂർണമായ ഐക്യദാർഢ്യം ആവർത്തിച്ച് പ്രഖ്യാപിക്കുന്നതായും അടിയന്തര അന്താരാഷ്ട്ര പ്രശ്നങ്ങളിൽ മുൻപന്തിയിലുള്ള ഈ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഉറച്ച പിന്തുണ നൽകുകയാണെന്നും മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.