ത്വാഇഫിലെ അൽ-അർഫ കോട്ട
text_fieldsജുബൈൽ: പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് പട്ടണത്തിന്‍റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന 13ാം നൂറ്റാണ്ടിൽ നിർമിച്ച അൽ-അർഫ കോട്ട സഞ്ചാരികളെ ആകർഷിക്കുന്നു. പ്രാചീനകാലത്തെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്‍റെ സവിശേഷതകൾ വിശദീകരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഒന്നാണ് ഈ കോട്ട.
അൽ-അർഫ മലനിരയിൽ ആയതിനാലാണ് കോട്ടക്കും അതേ പേര് ലഭിച്ചത്. 13-ാം നൂറ്റാണ്ടിൽ സൈനിക നേതാക്കളുടെ സങ്കേതമായി പ്രവർത്തിക്കുകയും വ്യാപാര വാണിജ്യ കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത രാജ്യത്തെ പ്രശസ്ത കോട്ടകളിലൊന്നാണിത്. ഈ കോട്ട ശൈഖ് കാസിൽ എന്നും ശരീഫ് കാസിൽ എന്നും അറിയപ്പെടുന്നു. വ്യാപാര പാതകൾ സംരക്ഷിക്കുന്നതിനും ആക്രമണകാരികളായ ഗോത്രങ്ങളെ തടയുന്നതിനുമായി നിർമിച്ച നിരവധി കോട്ടകളിൽ ഒന്നായിരുന്നു ഇത്. ക്വാർട്സ് കല്ലുകൾ കൊണ്ട് അലങ്കരിച്ച രണ്ടു വാച്ച് ടവറുകൾ ഈ കോട്ടയിലുണ്ട്.
കോട്ടക്ക് മൂന്നു നിലകളാണുള്ളത്. ആദ്യത്തേത് കല്ലുകൊണ്ട് നിർമിച്ചതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും നില കളിമണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിന്‍റെ ചുവരുകളിൽ തമുദിക്, കൂഫിക് നാഗരികതകൾ മുതലുള്ള നിരവധി പുരാതന ലിഖിതങ്ങളും കൊത്തുപണികളും അടങ്ങിയിരിക്കുന്നു. അവ അക്കാലത്തെ നിവാസികളുടെ ജീവിതശൈലി വരച്ചുകാട്ടുന്നവയാണ്. ഭരണകർത്താക്കൾക്കും അവരുടെ തൊഴിലാളികൾക്കുമായി പ്രത്യേകമായി ക്രമീകരിച്ച അറകളോടുകൂടിയതാണ് ഉൾഭാഗം. കോട്ടയ്ക്കുള്ളിൽ വിശാലമായ മുറികൾ, സ്റ്റോറേജ് ഏരിയകൾ, ചെറിയ ജയിൽ, പ്രാർഥനാമുറി എന്നിവയുണ്ട്.
കോട്ടയുടെ പ്രാന്തപ്രദേശത്ത് സിലിണ്ടർ ആകൃതിയിലുള്ള ഒരു രഹസ്യാന്വേഷണ ഗോപുരം ഉണ്ട്. ചുറ്റുപാടും വീക്ഷിക്കാൻ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. വർഷം മുഴുവനും താമസക്കാർക്ക് വെള്ളം നൽകിയിരുന്ന നിരവധി കിണറുകളുമുണ്ട്. ത്വാഇഫിൽ നിന്ന് 35 കിലോമീറ്റർ വടക്കുകിഴക്കായുള്ള ഈ പർവതം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പാറകളുടെയും ലിഖിതങ്ങളുടെയും വലിയ പൗരാണിക സ്ഥലങ്ങളിൽ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.