അൽ ബാഹയിലെ മഞ്ഞുതുള്ളിയും ബദാം പൂക്കളും
text_fieldsഅൽ ബാഹ: മഞ്ഞും മഞ്ഞുപോലുള്ള ബദാം പൂക്കളുമാണ് അൽ ബാഹ എന്ന ഈ മനോഹര ടൂറിസം പ്രദേശത്തിന്റെ പുതിയ ആകർഷണം. തൂവെള്ളയിൽ പിങ്ക് കലർന്ന നിറം സുന്ദരമാക്കുന്ന ബദാം പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് ആരുടെ മനമാണ് മയക്കാത്തത്? ചുറ്റുമുള്ള മലനിരകളെ പൊതിഞ്ഞ് ഇറങ്ങി വരുന്ന കോടമഞ്ഞ്, പച്ചപ്പിന്റെ മുകളിൽ പടരുേമ്പാൾ ആ പാശ്ചാത്തലം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭൂതിയാവുകയാണ്.
മഞ്ഞുകാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഈ പ്രകൃതിരമണീയ കാഴ്ച ആസ്വദിക്കാൻ ധാരാളം പേരാണ് ഇവിടെ എത്തുന്നത്. പ്രദേശത്തെ ഇക്കോ ടൂറിസം മേഖല സജീവമാക്കാൻ ഇത് വഴിവെക്കുന്നു. പ്രദേശത്തെ ബദാം പൂക്കളുടെ പ്രത്യേക സീസൺ ആസ്വദിക്കാൻ എത്തുന്നവരുടെ പുതിയ കാഴ്ചാനുഭവമായി ഈ പ്രകൃതി ദൃശ്യം മാറിയിരിക്കുകയാണ്. ഇടതൂർന്ന് നിൽക്കുന്ന ബദാം മരങ്ങളിൽ വിരിഞ്ഞ പൂക്കളുടെ കാഴ്ച പ്രകൃതി സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷകമാണ്. പൂക്കൾ നിറഞ്ഞ ബദാം തോട്ടങ്ങൾ സ്വപ്ന സുന്ദര താഴ്വരയായി തോന്നും. അൽ ബാഹ മേഖലയിലെ പല തോട്ടങ്ങൾക്കും പരമ്പരാഗതവും സാംസ്കാരികവും പൈതൃകവുമായ കുറെയേറെ പ്രാധാന്യമുണ്ട്. പ്രദേശവാസികളുടെ പരമ്പരാഗത വിളകളിലൊന്നായി ബദാം കൃഷി കണക്കാക്കപ്പെടുന്നു.
കർഷകർക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകുന്നതിലൂടെയും കാർഷികോൽപന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കുന്നതിലൂടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സീസണിൽ ഏകദേശം അഞ്ച് മുതൽ ആറ് കിലോ വരെ ബദാം ഒരു മരത്തിൽനിന്ന് തന്നെ ഉൽപാദിപ്പിക്കുന്നു. മേഖലയിലെ ബദാം കർഷകർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി കാർഷിക മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.