സാംസ്കാരിക മന്ത്രാലയപദ്ധതി: 34 പുരാതന കെട്ടിടങ്ങൾ ഹോട്ടലുകളാക്കും
text_fieldsജിദ്ദ: പൗരാണിക ജിദ്ദ മേഖലയിൽ പൈതൃക ഹോട്ടലുകൾ ആരംഭിക്കാൻ പദ്ധതി. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമും പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളിലൊന്നായ അൽബലദ് ഡെവലപ്മെൻറ് കമ്പനിയും ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പുവെച്ചു. ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ ബലദിനെ പുനരുജ്ജീവിപ്പിക്കുകയും ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള ആകർഷക സ്ഥലമാക്കി മാറ്റുക ലക്ഷ്യമാണ്.
സ്ഥലത്തെ പുരാതന കെട്ടിടങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പൈതൃക ഹോട്ടലുകൾ ആരംഭിക്കുക. ശേഷം ഈ കെട്ടിടങ്ങൾ ബലദ് ഡെവലപ്മെൻറ് കമ്പനിക്ക് കൈമാറും. ‘ദിയാഫ അൽബലദ്’ എന്ന സ്ഥാപനമുണ്ടാക്കി അതിന്റെ മേൽനോട്ടത്തിലാണ് ഹോട്ടലുകൾ പ്രവർത്തിപ്പിക്കുക. പദ്ധതിക്ക് കീഴിൽ 34 പുരാതന കെട്ടിടങ്ങളാണ് ഹോട്ടലുകളാക്കി മാറ്റുന്നത്. ജിദ്ദയിലെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും അസാധാരണ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം ജനറൽ സൂപ്പർവൈസർ അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം അൽഈസ പറഞ്ഞു.
പ്രദേശത്തെ ചില പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം കരാറിലുണ്ട്. അത് പൂർത്തിയായാൽ അതിഥികൾക്കുള്ള വിശിഷ്ട ഹോട്ടലുകളായി മാറും. ജിദ്ദ വികസന കമ്പനിയുമായി സഹകരിച്ചാണ് ഇത് കൈകാര്യം ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതുമെന്നും അബ്ദുൽ അസീസ് അൽഈസ പറഞ്ഞു. ജിദ്ദ ചരിത്രമേഖലയിൽ 600ലധികം പുരാതന കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്.
നവീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ്. 2014ൽ ജിദ്ദ ചരിത്രമേഖല ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. യുനെസ്കോയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, സ്ഥലത്തെ കെട്ടിടങ്ങളുടെ തനത് വാസ്തുവിദ്യ സവിശേഷതകൾ സംരക്ഷിച്ചുകൊണ്ട്, അന്തർദേശീയ നിലവാരത്തിൽ പൈതൃക ഹോട്ടലുകളടക്കം സ്ഥാപിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.