പ്രകൃതിയുടെ വരദാനം ‘അൽ ഹസ്കി’ താഴ്വര
text_fieldsയാംബു: പ്രകൃതിയുടെ വരദാനമായി ‘അൽ ഹസ്കി’ താഴ്വര. സൗദി അറേബ്യയുടെ വടക്കുകിഴക്ക് ഭാഗത്തെ സംരക്ഷിത വനമേഖലയായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നാച്വറൽ റിസർവിലുള്ള ഈ മനോഹര താഴ്വര ഹൃദ്യമായ കാഴ്ചാനുഭവം നൽകുന്നിടമാണ്.
നേരത്തേ ‘അൽ തയ്സിയ റിസർവ്’ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 2018ൽ രാജകീയ ഉത്തരവിലൂടെ റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിക്ക് കീഴിൽ പ്രകൃതിദത്ത സംരക്ഷിത പ്രദേശമാക്കി പ്രഖ്യാപിക്കുകയായിരുന്നു.
91,500 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിയുടെ വരദാനമായ പ്രദേശത്ത് 120ലധികം ഇനം സസ്യങ്ങളുടെ സാന്നിധ്യമുണ്ട്. സമർ, അർട്ട, സിദ്ർ, അൽ അർഫാജ്, ആർട്ടെമിസിയ, ഖൈസും, അൽ അസ്ഹർ എന്നീ പേരുകളിൽ അറിയപ്പെടുന്ന മരങ്ങളും അക്കേഷ്യ, സിദ്ർ മരങ്ങളുടെയും അപൂർവ ശേഖരവും 60ലധികം ഇനം മൃഗങ്ങളും പ്രദേശത്തെ മുഖ്യ ആകർഷണമാണ്.
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിന് ഇവിടെ പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഭീമാകാരമായ പീഠഭൂമികൾ, സുവർണ മണൽ പ്രദേശങ്ങൾ, മൺകൂനകൾ എന്നിങ്ങനെയുള്ള ഭൂപ്രകൃതിയാൽ വ്യതിരിക്തമാണിവിടം.
ശുദ്ധജലത്താൽ ചുറ്റപ്പെട്ട പാറകളും താഴ്വരകളും ഇവിടെ കാണാം. ഇക്കോ ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനും വേട്ടയാടൽ പരിമിതപ്പെടുത്തുന്നതിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നിലനിർത്തി ആരോഗ്യകരവും സുസ്ഥിരവുമായ രീതിയിൽ വന്യജീവികളെ സംരക്ഷിക്കുന്നതിനും ഇവിടെ അധികൃതർ പ്രത്യേകം ശ്രദ്ധപുലർത്തുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മനോഹരമായ താഴ്വരകളിൽ ഒന്നാണ് ഹൽ ഹസ്കി. വിവിധ ഇനങ്ങളിലെ നിരവധി പക്ഷികളും വന്യജീവികളും നിരവധി വൃക്ഷജാതികളും സസ്യലതാദികളും ഇവിടെയുണ്ട്.
തിരക്കുപിടിച്ച നഗര ജീവിതത്തിനിടയിൽ വാരാന്ത്യ അവധിദിനങ്ങൾ ചെലവഴിക്കാൻ സന്ദർശകർ ധാരാളമായി ഇവിടെയെത്തുന്നു. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും വിവിധ പദ്ധതികളാണ് അധികൃതർ ഇപ്പോൾ ഇവിടെ നടപ്പാക്കിവരുന്നത്.
അൽ ഹസ്കി കാരവാനുകൾ, ഇക്കോ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ നടപ്പാക്കുന്നതിലൂടെ വ്യതിരിക്തമായ ക്യാമ്പിങ് അനുഭവങ്ങൾ സന്ദർശകർക്ക് ഇവിടെനിന്ന് ലഭിക്കുന്നു. ശീതകാല ഇക്കോ ടൂറിസം യാത്രാപരിപാടികൾ ഇപ്പോൾ സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെ ഇങ്ങോട്ട് ആകർഷിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.