ഹൃദ്യം, സുന്ദരം! അൽ ബാഹയിലെ അൽ ഹുസാം പാർക്ക്
text_fieldsഅൽ ബാഹ: സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അസീർ. ഈ മേഖലയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശമാണ് അൽ ബാഹ. ഈ നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് അൽ ഹുസാം പാർക്ക്. നയനാനന്ദകരമാണ് ഈ പാർക്കിന്റെ കാഴ്ച.
ഇവിടത്തെ അനുഭവം അതിലും ഹൃദ്യം. 6,72,000 ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന കേന്ദ്രമാണ്.
ഇപ്പോൾ ഏറ്റവും സുഖകരമായ കാലാവസ്ഥയാണിവിടെ. അതുകൊണ്ടു തന്നെ സന്ദർശകരുടെ എണ്ണത്തിൽ നല്ല വർധനയുണ്ട്. ഇനി നാലഞ്ച് മാസത്തേക്ക് ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. പാർക്കിലെ 4,15,000 ചതുരശ്ര മീറ്റർ ഭാഗം മുഴുവൻ പച്ച പുതച്ചിരിക്കുകയാണ്. അതിൽ വൃക്ഷങ്ങളും കുറ്റിച്ചെടികളും ധാരാളം. നൂറുകണക്കിന് മരങ്ങളിൽ പലതരമുണ്ട്. പുൽമേടുകളിൽ ആളുകൾക്ക് ഇരുന്ന് സമയം ചെലവഴിക്കാൻ 51 ഇരിപ്പിടകേന്ദ്രങ്ങളും 13 കുടകളും ഒരുക്കിയിട്ടുണ്ട്.
നടക്കാനും ജോഗിങ്ങിനുമെല്ലാമായി വിശാല നടപ്പാതകൾ, കുട്ടികൾക്കായി നാല് കളിസ്ഥലങ്ങൾ എന്നിവയും പാർക്കിന്റെ പ്രത്യേകതയാണ്.
കൃത്രിമ തടാകവും വിസ്മയിപ്പിക്കുന്ന ജലധാരകളും കുറ്റിച്ചെടികളുടെ വൈവിധ്യമാർന്ന രൂപഭംഗിയും നിറഞ്ഞ ഈ പാർക്ക് ശുദ്ധവായു ശ്വസിക്കാനും പ്രകൃതിയോട് അടുക്കാനും സന്ദർശകർക്ക് അവസരം നൽകുന്നു. വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ പാർക്കിന്റെ സവിശേഷ പ്രകൃതി സൗന്ദര്യവും ഹരിതയിടങ്ങളും വർധിപ്പിച്ച് ഈയിടെ നവീകരിച്ചിരുന്നു.
ഇപ്പോൾ പ്രദേശത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ടെന്ന് പാർക്ക് അതോറിറ്റി മേഖല സെക്രട്ടറി ഡോ. അലി അൽ സവാത്ത് പറഞ്ഞു.
അൽ ഹുസാം പാർക്ക് എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കും ഹൃദ്യമായ വിനോദസഞ്ചാര അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. 1,600 ചതുരശ്ര മീറ്ററിലും 520 ചതുരശ്ര മീറ്ററിലുമായി രണ്ട് ഫുട്ബാൾ മൈതാനങ്ങളും പാർക്കിലുണ്ട്.
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പ്രാർഥന മുറികൾ, 65 വാഹന പാർക്കിങ് സ്ഥലങ്ങൾ, വിവിധ ഭക്ഷണ ശാലകൾ, സുരക്ഷിതമായ ഉല്ലാസ വിനോദകേന്ദ്രങ്ങൾ എന്നിവ സ്വദേശികളെ പോലെ വിദേശികളെയും ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. പ്രകൃതി മനോഹാരിതയും പ്രദേശത്തെ തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും പാർക്കിന്റെ വശ്യത വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.