അൽ ഖർജ് കെ.എം.സി.സി വെൽഫെയർ വിങ് റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ്
text_fieldsഅൽ ഖർജ്: കെ.എം.സി.സി അൽ ഖർജ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് റെസ്പോൺസ് പ്ലസ് ട്രെയിനിങ് സെൻററുമായി ചേർന്ന് ‘ഫാസ്റ്റ്’ റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഹൃദയസ്തംഭനവും പക്ഷാഘാതവും പ്രവാസികൾക്കിടയിൽ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷ റെസ്ക്യൂ പരിശീലകർ വിവരിച്ചു.
മനുഷ്യജീവൻ ഏറെ വിലപ്പെട്ടതാണെന്നും കൺമുന്നിൽ ഒരാൾ തളർന്നുവീഴുന്നത് കണ്ടാൽ ചകിതരാവാതെ അയാളുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ടതെല്ലാം ചെയ്യണമെന്നും പറഞ്ഞ ടീം ഡമ്മിയുടെ സഹായത്തോടെ അത് വിശദമാക്കി.
പാമ്പുകടിയേറ്റാലും പട്ടിയുടെ കടിയേറ്റാലും നാട്ടുവൈദ്യം പ്രയോഗിക്കാൻ നിൽക്കാതെ ആൻറി റാബീസ് ആൻറിവെനം ചികിത്സകളാണ് അഭികാമ്യമെന്നും രോഗത്തിന്റെ തീവ്രതയനുസരിച്ച് ഏതു തരം ആശുപത്രി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ പ്രദേശത്തുള്ള ആശുപത്രികളെയും സൗകര്യങ്ങളെയുംകുറിച്ച് റെസ്ക്യൂ ട്രെയിനിങ് ലഭിച്ചയാൾക്ക് ബോധ്യമുണ്ടായിരിക്കണമെന്നും ടീം ഓർമപ്പെടുത്തി.
പക്ഷാഘാതം സംഭവിക്കുന്നതിൽ ബഹു ഭൂരിഭാഗം ആളുകളും കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും മുഖത്തും കൈയിലും വരുന്ന ബലക്ഷയവും രോഗിയുമായി സംസാരിക്കുമ്പോൾ കാണുന്ന വ്യത്യാസവും കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞാൽ ഒട്ടും സമയംകളയാതെ ആശുപത്രിയിൽ എത്തിക്കണമെന്നും പരിശീലകർ ഓർമപ്പെടുത്തി.
നൂറോളം ആളുകൾ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്തു. പാലക്കാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വി.എം. മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.കെ. സനൂപ്, മുഹമ്മദ് മുബാറക് തുടങ്ങിയവർ പരിശീലനം നൽകി.
അൽ ഖർജിൽ 30 വർഷം പൂർത്തിയാക്കിയ കെ.എം.സി.സി നേതാവ് കെ.എം. ബഷീറിനെയും അബു പറവത്തിനെയും ചടങ്ങിൽ ആദരിച്ചു. അൽ ഖർജ് ടൗൺ കെ.എം.സി.സി ആഗസ്റ്റ് 11ന് സംഘടിപ്പിക്കുന്ന ഫ്രീ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.
എൻ.കെ.എം. കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി പാങ്, ഉമർ ചൂരി, അഷ്റഫ് കല്ലൂർ, എ.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഷബീബ് കൊണ്ടോട്ടി, റൗഫൽ കുനിയിൽ, സിദ്ദീഖ് പാങ്, ഫൗസാദ് ലാക്കൽ, ഫസൽ ബീമാപ്പള്ളി, മുഖ്താർ അലി, നൗഷാദ് കല്യാൺ തൊടി, റസാഖ് മാവൂർ, ഇസ്മാഈൽ കരിപ്പൂർ, റാഷിദ് കാപ്പുങ്ങൽ, ശിഹാബ് പുഴക്കാട്ടിരി, ഡാനിഷ് കാര്യവട്ടം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മുഹമ്മദ് പുന്നക്കാട് സ്വാഗതവും ഇക്ബാൽ അരീക്കാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.