അൽ ഖോബാർ ഒരുക്കം തുടങ്ങി
text_fieldsഅൽ ഖോബാർ: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ ആഗോള ഫുട്ബാൾ മാമാങ്കത്തെ സ്വാഗതം ചെയ്യാൻ അൽ ഖോബാർ ഒരുങ്ങിത്തുടങ്ങി. 2034ൽ നടക്കുന്ന അവിസ്മരണീയ ടൂർണമെന്റിന് രാജ്യം കളമൊരുക്കുമ്പോൾ പുതുമയുടെയും ആതിഥ്യ മര്യാദയുടെയും സാംസ്കാരിക ആഘോഷങ്ങളുടെയും ഒരു പ്രകാശഗോപുരമായി മാറാനാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും ആധുനിക നഗരമായ അൽ ഖോബാർ പദ്ധതിയിടുന്നത്.
അറേബ്യൻ ഗൾഫിന്റെ തിളങ്ങുന്ന തീരത്ത് സ്ഥിതി ചെയ്യുന്ന അൽ ഖോബാർ അതിന്റെ സുന്ദരമായ കടൽത്തീരത്തിനും ആഡംബര ഹോട്ടലുകൾക്കും കോസ്മോപൊളിറ്റൻ ചാരുതക്കും പണ്ടേ പേരുകേട്ടതാണ്. എന്നാൽ ലോകകപ്പ് അടുക്കുന്തോറും നഗരം ശ്രദ്ധേയമായ ഒരു പരിവർത്തനത്തിന് വിധേയമാവുന്നുണ്ട്.
അത്യാധുനിക സ്റ്റേഡിയങ്ങൾ മുതൽ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ വരെ ഒരുക്കി കളിക്കാർക്കും ആരാധകർക്കും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ലോകോത്തര അനുഭവം നൽകാനുള്ള ദൗത്യത്തിൽ അൽ ഖോബാർ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
സൗദി അറേബ്യയെ തെരഞ്ഞെടുത്തായി ഫിഫയുടെ പ്രഖ്യാപനം വന്ന ദിനം അൽ ഖോബാറിന്റെ കോർണിഷിൽ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നടന്നിരുന്നു. പരമ്പരാഗത സൗദി സംഗീതത്തിന്റെയും ആധുനിക ഗാനങ്ങളുടെയും താളത്തിൽ നൃത്തം ചെയ്ത ആകാശം മിന്നുന്ന നിറങ്ങളാൽ തിളങ്ങി. ആയിരക്കണക്കിന് താമസക്കാരും സന്ദർശകരും ഈ കാഴ്ചക്ക് സാക്ഷ്യംവഹിക്കാൻ കടൽത്തീരത്ത് ഒത്തുകൂടിയിരുന്നു.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഫ്ലോട്ടുകൾ ഉൾപ്പെടുത്തി പരേഡ് സംഘടിപ്പിച്ചു. ഓരോ ഫ്ലോട്ടും സൗദി സംസ്കാരത്തിന്റെ തനതായ വശങ്ങൾ ഉയർത്തിക്കാട്ടുന്നവയായിരുന്നു. അസീർ മേഖലയുടെ പാരമ്പര്യ കല മുതൽ നജ്ദ് മേഖലയുടെ പരമ്പരാഗത വാസ്തുവിദ്യ വരെ അണിനിരന്നു. പരമ്പരാഗത വസ്ത്രം ധരിച്ച കലാകാരന്മാർ നാടോടി സംഗീതത്തിനൊപ്പം നൃത്തം ചെയ്തു.
അംബരചുംബികളായ കെട്ടിടങ്ങളും ലാൻഡ്മാർക്കുകളും സൗദി പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും ലൈറ്റുകളാൽ പ്രകാശിപ്പിച്ചു. സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി കിങ് ഫഹദ് കോസ്വേയിൽ പ്രത്യേക വിളക്കുകളും ഒരുക്കിയിരുന്നു. പ്രാദേശിക ഫുട്ബാൾ ക്ലബുകളും സ്കൂളുകളും ലോകകപ്പിന്റെ ആവേശത്തിൽ വിവിധ സാമൂഹിക മത്സരങ്ങൾ സംഘടിപ്പിച്ചു.
അൽ ഖോബാറിന്റെ റസ്റ്റാറന്റുകളും കഫേകളും ആഘോഷങ്ങളിൽ പങ്കാളികളായി. ഫെയ്സ് പെയിൻറിങ്, പട്ടം പറത്തൽ, ഫുട്ബാൾ തീമണിഞ്ഞ കരകൗശലവസ്തുക്കളുടെ പ്രദർശനം എന്നിവയെല്ലാമുണ്ടായി. അൽ ഖോബാർ കോർണിഷിൽ ഭീമൻ ഫുട്ബാൾ ഉൾപ്പെടെ വിവിധ ചിഹ്നങ്ങളും മറ്റ് അലങ്കാര വസ്തുക്കളും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.