തിരികെ മടങ്ങാനാകാത്ത പ്രവാസികൾക്ക് സാന്ത്വനമായി അൽഖോബാർ കെ.എം.സി.സി
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ പ്രവാസ തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ ബുദ്ധിമുട്ടുന്ന അൽഖോബാറിലെ പ്രവാസികൾക്ക് ബലിപെരുന്നാൾ ദിനങ്ങളിൽ ആശ്വാസമേകി കെ.എം.സി.സി കേന്ദ്രകമ്മിറ്റി.
നാട്ടിൽ കഴിയുന്ന ഹൗസ് ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരായ പ്രവാസികൾക്കുള്ള ധനസഹായം വിതരണോദ്ഘാടനം മലപ്പുറത്ത് നടന്ന ചടങ്ങിൽ കേരള വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഒരു വർഷത്തിലേറെയായി സൗദിയിലെ പ്രവാസി തൊഴിൽ മേഖലയിൽ സാധാരണക്കാരായ പ്രവാസികൾ പ്രയാസപ്പെടുന്ന ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവരെ സംരക്ഷിക്കാൻ വേണ്ടത്ര താൽപര്യം കാണിക്കാത്ത ഘട്ടത്തിൽ സഹപ്രവർത്തകർക്ക് കൈത്താങ്ങായി കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് റഷീദ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
2020 മാർച്ച് മുതൽ ജോലി പ്രതിസന്ധി നേരിട്ട് നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് സെൻട്രൽ കമ്മിറ്റിക്കു കീഴിൽ വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച തുകയുടെ മൂന്നാംഘട്ട വിതരണമാണ് ബലിപെരുന്നാൾ ദിനങ്ങളിൽ നൽകുന്നതെന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ അൽഖോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ വ്യക്തമാക്കി.
സെൻട്രൽ കമ്മിറ്റി ഉപദേശകസമിതി അംഗം മരക്കാർ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലാം ഹാജി കുറ്റിക്കാട്ടൂർ, അക്രബിയ ഏരിയ പ്രസിഡൻറ് ഇസ്മാഇൗൽ പുള്ളാട്ട് കണ്ണമംഗലം, മൊയ്തീൻ കോയ ചെട്ടിപ്പടി, സുഹൈൽ കുന്ദമംഗലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.