അന്താരാഷ്ട്ര സ്മാർട്ട് സിറ്റി പട്ടികയിൽ അൽഖോബാറും
text_fieldsദമ്മാം: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിന്റെ (ഐ.എം.ഡി) സ്മാർട്ട് സിറ്റി പട്ടികയിൽ സൗദിയിലെ അൽഖോബാറും. 2024ലെ സ്മാർട്ട് സിറ്റി പട്ടികയിലാണ് അൽഖോബാർ ഇടം നേടിയിരിക്കുന്നത്. 99ാം സ്ഥാനത്താണ് അൽഖോബാർ. റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവക്കുശേഷം രാജ്യത്തെ അഞ്ചാമത്തെ സ്മാർട്ട് സിറ്റിയാണ്. ആരോഗ്യം, സുരക്ഷ, തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, ഭരണം, സാമ്പത്തികവും സാങ്കേതികവുമായ വശങ്ങളും മനുഷ്യ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കൽ എന്നീ മേഖലകളിൽ സൗദി സാക്ഷ്യം വഹിച്ച പ്രയത്നത്തിന്റെയും പുരോഗതിയുടെയും ഫലമാണിത്.
സ്മാർട്ട് സിറ്റികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മെച്ചപ്പെട്ട ജീവിതനിലവാരം പ്രദാനം ചെയ്യുമെന്നും ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്നും കിഴക്കൻ മേഖല വികസന അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഉമർ അൽ അബ്ദുൽ ലത്തീഫ് പറഞ്ഞു. അൽഖോബാർ ഗവർണറേറ്റിലെ താമസക്കാരുടെയും സന്ദർശകരുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും വികസന പദ്ധതികൾ നടപ്പിലാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നടത്തിയ ഫലപ്രദമായ ശ്രമങ്ങളുടെ ഫലമായാണ് അൽഖോബാർ സ്മാർട്ട് സിറ്റി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിഷൻ 2030 ന്റെ അഭിലാഷങ്ങളിലൊന്ന് ഇത് നിറവേറ്റുന്നു. ഇത് ആഗോള നിക്ഷേപങ്ങളെയും പുതിയ കമ്പനികളെയും പദ്ധതികളെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വളർച്ച വർധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.