മദീനയിലെ അൽ മുസ്തദൽ തോട്ടവും ഇദ്ഖ് കിണറും
text_fieldsമദീന: പ്രവാചകൻ മുഹമ്മദ് മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്ത ചരിത്ര സ്മരണ ഉണർത്തുന്നതാണ് മദീനയിലെ ‘ബുസ്താനുൽ മുസ്തദൽ വ ബിഅ്റ് ഇദ്ഖ്’ എന്നറിയപ്പെടുന്ന അൽ മുസ്തദൽ തോട്ടവും ഇദ്ഖ് കിണറും. മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്കുശേഷമുള്ള ഇസ്ലാമിലെ ആദ്യത്തെ പള്ളിയായ മദീനയിലെ ഖുബ മസ്ജിദിന് തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഖുബ പള്ളിയുടെ മിഹ്റാബിൽനിന്ന് ഏകദേശം 150 മീറ്റർ മാത്രം അകലെയാണിത്.
മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സന്തതസഹചാരി അബൂബക്കറും മക്കയിൽനിന്ന് മദീനയിലേക്കുള്ള പലായനവേളയിൽ വിശ്രമിച്ച സ്ഥലമാണ് ഇപ്പോഴും തണൽ വിരിച്ചു നിൽക്കുന്ന അൽ മുസ്തദൽ തോട്ടം.
മുഹമ്മദ് നബി മദീനയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ‘ഖസ്വ’ എന്ന ഒട്ടകം ആദ്യമായി മുട്ടുകുത്തിയ സ്ഥലവും അൽ മുസ്തദൽ തോട്ടത്തിലാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തോട്ടത്തിനരികിലായി സ്ഥിതി ചെയ്യുന്ന ഇദ്ഖ് കിണറിൽനിന്ന് പ്രവാചകനും അദ്ദേഹത്തിന്റെ സഹചാരികളും വെള്ളം കുടിച്ചതായും ഇസ്ലാമിക ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു.
ബനീ ഉനൈഫ് ഗോത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ തോട്ടത്തിന് 300 മീറ്റർ അകലെയാണ് മദീനയിലെ പൗരാണിക പള്ളികളിലൊന്നായി രേഖപ്പെടുത്തിയ മസ്ജിദ് ബനീ ഉനൈഫ് സ്ഥിതി ചെയ്യുന്നത്. മദീന റീജ്യൻ ഡെവലപ്മെൻറ്, ഹെറിറ്റേജ് അതോറിറ്റികളുടെ പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇപ്പോൾ ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈന്തപ്പനകൾ നിറഞ്ഞ പ്രകൃതി രമണീയമായ ഈ തോട്ടത്തിൽ പഴമയുടെ കിണറും പൈതൃകശേഷിപ്പുകളും സന്ദർശകരെ ഏറെ ആകർഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്ത വേളയിൽ ദൈവവിശ്വാസികൾ ഒരുമിച്ചുകൂടുകയും പ്രവാചകന്റെ വരവ് പ്രതീക്ഷിച്ച് നിൽക്കുകയും ചെയ്ത ഇടം കൂടിയാണിത്.
അന്നത്തെ ഉയരം കൂടിയ ധാരാളം ഈന്തപ്പനകൾ ഈ തോട്ടത്തിൽ ഉണ്ടായിരുന്നുവെന്നും പ്രവാചകൻ ദൂരെനിന്ന് വരുന്നത് കാണാൻ വിശ്വാസികൾ ഈന്തപ്പനകളിൽ കയറിയിരുന്നുവെന്നും ചരിത്രരേഖകളിലുണ്ട്. ബനീ ഉനൈഫ് ഗോത്രക്കാരിൽ ചിലർ താമസിച്ചിരുന്ന പൗരാണിക വീടിന്റെ ശേഷിപ്പുകളും ഈ തോട്ടത്തിനരികെ സന്ദർശകരെ ആകർഷിക്കുന്നു.
ഇദ്ഖ് കിണറിന്റെ സമീപത്തായി പ്രവാചകന്റെ ഒട്ടകം മുട്ടുകുത്തിയ ഇടം ഇവിടെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രവാചകൻ വിശ്രമിച്ച ഈ പ്രദേശം പിൽക്കാലത്ത് വിശ്വാസികൾ നമസ്കാര ഇടമായി ഉപയോഗപ്പെടുത്തിയിരുന്നു.
തോട്ടത്തിലെത്തുന്ന വിശ്വാസികൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ ഇടം ഒരു നമസ്കാരസ്ഥലമായി ഇന്നും ഉപയോഗിക്കുന്ന കാഴ്ച കാണാം. ബനീ ഉനൈഫ് ഗോത്രക്കാരായിരുന്നു ഇദ്ഖ് എന്ന പേരിലുള്ള കിണർ ഇവിടെ ഉണ്ടാക്കിയതെന്ന് എഴുത്തുകാരനും മദീനയിലെ ടൂർ ഗൈഡുമായ ജഅ്ഫർ എളമ്പിലക്കോട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പഴമയുടെ പെരുമയും ജലസമൃദ്ധിയുമായി ഇപ്പോഴും ഇദ്ഖ് കിണർ സന്ദർശകരെ ആകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.