കോടമഞ്ഞിൽ കുളിച്ച് താഇഫിലെ അൽ-ശഫ പർവത താഴ്വാരം
text_fieldsതാഇഫ്: കോടമഞ്ഞിൽ ഈ താഴ്വര നോക്കിക്കാണുമ്പോൾ അത്രത്തോളം ഹൃദ്യമായതൊന്നുമില്ല വേറെ. ഹൃദയം നിറക്കുന്ന കാഴ്ചയാണ് താഇഫിലെ അൽ-ശഫ പർവതം സമ്മാനിക്കുന്നത്. സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ താഇഫിലെത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ല അൽ-ശഫ കുന്നുകളും മഞ്ഞുപുതക്കുന്ന അതിന്റെ താഴ്വരകളും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശീതകാല വിനോദസഞ്ചാരത്തിനായി സന്ദർശകർ ധാരാളം ഇവിടെ എത്തുന്നുണ്ട്. വളരെ മനോഹരമായ പ്രകൃതിയും മിതമായ കാലാവസ്ഥയും വർണാഭമായ കാഴ്ചകളും മതിവരുവോളം നുകർന്നാണ് ആളുകൾ ഇവിടെനിന്ന് മടങ്ങുന്നത്.
താഇഫ് നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് 30 കിലോമീറ്റർ അകലെ ഏകദേശം 10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ മലയും താഴ്വരയും കിടക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 2240 മീറ്റർ ഉയരമാണ് അൽ-ശഫ പർവതത്തിനുള്ളത്. മലമുകളിൽ കുട്ടികൾക്ക് ഉല്ലാസത്തിനായി വിശാല സൗകര്യത്തോടെ പാർക്കുകൾ ഒരുക്കിയതും കുടുംബസമേതം സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യഘടകമാണ്. സായാഹ്നങ്ങളിൽ കുടുംബത്തോടൊപ്പം എത്തുന്ന സന്ദർശകർ വശ്യമനോഹരമായ കാഴ്ചകൾ പകർത്തിയും സെൽഫിയെടുത്തും സജീവമാകുന്നു. വേനൽക്കാലത്തും മൂടൽമഞ്ഞിൽ പൊതിഞ്ഞ അപൂർവമായ പ്രകൃതിയനുഭവം വിനോദസഞ്ചാരികളെ ഏതു സമയത്തും ഇങ്ങോട്ടാകർഷിക്കുന്ന മറ്റൊരു ഘടകമാണ്.
വർഷത്തിൽ ഏതാണ്ട് എല്ലാ സമയത്തും ഇവിടെ തണുത്ത കാലാവസ്ഥയാണ്. ഭൂരിഭാഗവും മരുഭൂമിയായ സൗദിയിലെ ഭൂപ്രകൃതിയിൽ ത്വാഇഫടക്കമുള്ള തണുത്ത മേഖലകൾ പറുദീസയാണ്. വിപുലമായ സൗകര്യങ്ങളുള്ള റിസോർട്ടുകളും കഫേകളും സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പച്ചവിരിച്ചുനിൽക്കുന്ന മനോഹരമായ കാഴ്ചയും തോട്ടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ഫലവർഗങ്ങളുടെ വൈവിധ്യവും റോസാപ്പൂ തോട്ടങ്ങളുമെല്ലാം ഹൃദ്യമായ കാഴ്ചഭംഗിയാണ് പകർന്നുനൽകുന്നത്. മല വെട്ടിയുണ്ടാക്കിയ വളഞ്ഞു പുളഞ്ഞ പാതയിലൂടെയുള്ള യാത്രതന്നെ വിസ്മയകരമായ അനുഭവമാണ്. കോടമഞ്ഞ് മൂടിയ വഴികളിലൂടെയുള്ള യാത്രയും മലമുകളിൽനിന്നുള്ള താഴ്വരക്കാഴ്ചയും സന്ദർശകരെ വീണ്ടും വീണ്ടും ഇവിടേക്കുതന്നെ തിരിച്ചുവിളിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.