അൽഉല അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കുന്നു, പ്ലാൻ പുറത്തുവിട്ടു
text_fieldsജിദ്ദ: അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നു. രണ്ടാം ടെർമിനലിന്റെ പ്ലാൻ പുറത്തുവിട്ടു. റിയാദിൽ നടന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിന്റെ ഭാഗമായി അൽഉല റോയൽ കമീഷനാണ് ഇത് പ്രഖ്യാപിച്ചത്. പ്രധാന ഡിസൈൻ ഹൗസുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു അന്താരാഷ്ട്ര മത്സരത്തിനു ശേഷമാണ് പുതിയ ടെർമിനലിന്റെ രൂപകൽപന പ്രഖ്യാപിച്ചത്. വിമാനത്താവള പദ്ധതിയുടെ പരിധിയിൽ ഗുണപരമായ കൂട്ടിച്ചേർക്കലും കൂടിയാണ് പുതിയ രൂപകൽപന.
വിമാനത്താവള വിപുലീകരണവും അതിന്റെ രൂപകൽപനയും അൽഉലയുടെ പുരാതന നഗര പൈതൃകത്തെയും അതുപോലെ പ്രകൃതിയും സാംസ്കാരികവുമായ ചുറ്റുപാടുകളുമായുള്ള ഐക്യവും പ്രതിഫലിപ്പിക്കുന്നതാണ്. ഇതിലൂടെ വിവിധ അന്താരാഷ്ട്ര, പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ കണക്ടിവിറ്റി ബന്ധിപ്പിക്കാനാണ് റോയൽ കമീഷൻ ലക്ഷ്യമിടുന്നത്. സൗദിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽഉലയെ ഒരു ആഗോള ലോജിസ്റ്റിക് സ്റ്റേഷനാക്കി മാറ്റുന്നതിനും വേണ്ടിയാണ്.
പുതിയ വിപുലീകരണം അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 40 ലക്ഷം യാത്രക്കാരിൽനിന്ന് 60 ലക്ഷം യാത്രക്കാരായി ഉയർത്തും. പുതിയ രൂപകൽപന അനുസരിച്ച് വിപുലീകരണ ടെർമിനലിൽ ഒരു ഹോട്ടൽ, സ്പാ, അൽഉല സന്ദർശിക്കുന്നതിന്റെ അനുഭവം വർധിപ്പിക്കുന്ന നിരവധി സേവനങ്ങളും സൗകര്യങ്ങളുമുണ്ടാകും. വിമാനത്താവളം ആരംഭിക്കുന്നിടത്ത് ഏറ്റവും വലിയൊരു ഓപൺ എയർ മ്യൂസിയവുമുണ്ടാകും.
ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും സംയോജിത സംവിധാനങ്ങളുടെയും സംയോജനമായിരിക്കും ഇത്. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ അൽഉല വിമാനത്താവളത്തിന്റെ പ്രതീക്ഷിത വളർച്ചക്കൊപ്പം നിൽക്കാനാണ് അൽഉല റോയൽ കമീഷൻ പ്രവർത്തിക്കുന്നത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അൽഉലയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനും നാഗരികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വശങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുമാണ്.
യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം അൽഉലയിലെ ജനങ്ങൾക്കും സന്ദർശകർക്കും സേവനങ്ങൾ നൽകുന്നതിനും സഹായിക്കുന്ന നിരവധി പദ്ധതികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ അൽഉല അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021 മാർച്ചിലാണ് ഇത് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ചേർന്നത്. വിമാനത്താവളത്തിന്റെ മൊത്തം വിസ്തീർണം ഏകദേശം 24 ലക്ഷം ചതുരശ്ര മീറ്ററായി വർധിച്ചു. വിമാനത്താവളത്തിന്റെ ഫ്ലൈറ്റ് ഡക്കിന് ഒരേസമയം 15 വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.