അൽഉല ലൈറ്റ് ഹൗസ്, അൽ ഗറാമിൽ റിസർവ്; സൗദിയിലെയും ഗൾഫിലെയും ആദ്യത്തെ ‘ഇരുണ്ട ആകാശം’ നിരീക്ഷണ സ്ഥലങ്ങൾ
text_fieldsറിയാദ്: ‘അൽഉല ലൈറ്റ് ഹൗസ്, അൽ ഗറാമിൽ റിസർവ്’എന്നിവക്ക് സൗദിയിലേയും ഗൾഫിലെയും ആദ്യത്തെ ‘ഇരുണ്ട ആകാശം’(ഡാർക്ക് സ്കൈ) സൈറ്റുകളായി അംഗീകാരം. ഡാർക്ക് സ്കൈ ഇൻറർനാഷനലിൽനിന്ന് അൽഉല റോയൽ കമീഷൻ ഇരു സൈറ്റുകളുടെയും അംഗീകാരം നേടി.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രകാശ മലിനീകരണത്തെ ചെറുക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന സംഘടനയാണിത്. ബഹിരാകാശ ശാസ്ത്രത്തിനും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും പുറമെ ജ്യോതിശാസ്ത്ര ടൂറിസം വികസിപ്പിക്കുന്നതിലും നക്ഷത്ര നിരീക്ഷണത്തിലും കാണിക്കുന്ന സൗദിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഡാർക്ക് സ്കൈ ഇന്റർനാഷനലിൽനിന്നുള്ള ഈ അംഗീകാരം.
അൽഉലയിലെ നക്ഷത്ര പര്യവേക്ഷണത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അൽഉലയുടെ വൈവിധ്യമാർന്ന സാംസ്കാരികവും പ്രകൃതിദത്തവുമായ നിധികൾ സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനും സുസ്ഥിരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള അൽഉല റോയൽ കമ്മീഷന്റെ ലക്ഷ്യങ്ങളുടെ ഭാഗവുമായാണ് ‘ഇരുണ്ട ആകാശം’ എന്ന സൈറ്റുകൾ സംരക്ഷിക്കുന്നത്.
അവയിൽ പലതും നഗ്നനേത്രങ്ങളാലും വിവിധ സാങ്കേതിക വിദ്യകളിലൂടെയും കാണാൻ കഴിയുന്നതാണ്. പ്രകൃതി ജീവന്റെ സംരക്ഷണവും തെളിഞ്ഞ ആകാശത്തിന്റെ ഭംഗിയും ഇത് ഉറപ്പാക്കുന്നു.
അൽഉലയിലെ പ്രകൃതിദത്തവും സാംസ്കാരികവുമായ ഭൂപ്രകൃതി സംരക്ഷിക്കുന്നതിനുള്ള റോയൽ കമീഷന്റെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഡാർക്ക് സ്കൈ ഇൻറർനാഷനലിൽനിന്നുള്ള പ്രത്യേക ടീമിന്റെ നിരവധി സന്ദർശനങ്ങൾക്ക് ശേഷമാണ് സൈറ്റുകൾക്ക് അക്രഡിറ്റേഷൻ ലഭിച്ചത്.
ജ്യോതിശാസ്ത്ര കണ്ടെത്തലുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി അൽഗറാമിൽ റിസർവിന് സമീപം നിർമിക്കുന്ന ‘അൽഉല ലൈറ്റ്ഹൗസിന്റെ’വികസനം നക്ഷത്ര പര്യവേക്ഷണ പര്യടനങ്ങൾക്കും ശാസ്ത്ര ഗവേഷണത്തിനുമുള്ള ഒരു പ്രധാന സ്ഥലമായി മാറും.
വിനോദസഞ്ചാരം, കൂടാതെ വിദ്യാഭ്യാസം, കണ്ടെത്തലുകൾ, ശാസ്ത്രഗവേഷണം, പരീക്ഷണങ്ങൾ എന്നിവയുടെ കേന്ദ്രബിന്ദുവായി ‘അൽ ഉല ലൈറ്റ് ഹൗസ്’ എന്ന സൈറ്റും വികസിക്കും.
ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങൾ നടത്താനും, സൂര്യാസ്തമയത്തിനു ശേഷം ഇരുട്ടിന്റെ അളവ് നിലനിർത്താൻ സ്ഥലത്തെ ലൈറ്റിങ് നിയന്ത്രണത്തിന് കഴിയും. ഇരുണ്ട ആകാശ സ്ഥലങ്ങളുടെ പട്ടികയിൽ ഒരു പാർക്കായി അൽഗറാമിലിന്റെ അംഗീകാരം അൽഉലയുടെ 50 ശതമാനം സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റുകയെന്ന റോയൽ കമീഷന്റെ ലക്ഷ്യങ്ങളെ പിന്തുണക്കും.
1988 ലാണ് ഡാർക്ക് സ്കൈ ഇന്റർനാഷനൽ സ്ഥാപിതമായത്. ബോധവത്കരണത്തിലൂടെ രാത്രി ആകാശത്തെ സംരക്ഷിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. അരിസോണയിലെ ഗ്രാൻഡ് കാന്യോൺ, കാലിഫോർണിയയിലെ ജോഷ്വ ട്രീ നാഷനൽ പാർക്ക്, യു.കെയിലെ യോർക്ക്ഷയർ ഡെയിൽസ് നാഷനൽ പാർക്ക്, ആസ്ട്രേലിയയിലെ ആർക്കോള വൈൽഡ് ലൈഫ് റെഫ്യൂജ് എന്നിവയാണ് മറ്റ് ഇരുണ്ട ആകാശ സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.