വരുന്നു, അൽഉലയിൽ ബൃഹത്തായ വിനോദസഞ്ചാര കേന്ദ്രം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയിലേക്ക് മറ്റൊരു ബൃഹദ് സംരംഭം കൂടി കടന്നുവരുന്നു. മദീനക്ക് സമീപം അൽഉല പൗരാണിക മേഖലയിലാണ് വിപുലമായ വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നത്. പ്രകൃതി, സംസ്കാരം, പൈതൃകം എന്നിവയിലൂന്നിയുള്ള വിനോദസഞ്ചാര കേന്ദ്രമായി അൽഉലയെ വികസിപ്പിക്കാനുള്ള പദ്ധതിക്കായി അൽഉല റോയൽ കമീഷൻ (ആർ.സി.യു), ലോക ഹോട്ടൽ ശൃംഖല 'അക്കോറു'മായി പങ്കാളിത്ത കരാർ പ്രഖ്യാപിച്ചു. തങ്ങളുടെ റിസോർട്ട് ബ്രാൻഡായ 'ബനിയൻ ട്രീ'യുടെ ഭാഗമാക്കിയാണ് അക്കോർ കരാർ പ്രകാരം അൽഉലയുടെ കീഴിലെ 'അഷാർ' റിസോർട്ട് നടത്തിപ്പ് ഏറ്റെടുക്കുന്നത്.
47 പുതിയ യൂനിറ്റുകൾ കൂടി ചേർത്ത് റിസോർട്ട് വിപുലീകരിക്കും. ഇവിടെ ആധുനിക രീതിയിലെ സ്പാ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 82 ആഡംബര വില്ലകളും റസ്റ്റാറൻറുകളും നിലവിൽ വരും. സൗദിയിലെ ആദ്യ യുെനസ്കോ ലോകപൈതൃക കേന്ദ്രമായ ഹെഗ്രയിൽ നിന്ന് 15 കിലോമീറ്റർ അകലെ അഷാർ താഴ്വരയിലാണ് ഇൗ റിസോർട്ട് പദ്ധതി. ഇവിടെ ഓരോ വില്ലകളും താഴ്വരയിലെ പ്രകൃതിദൃശ്യങ്ങൾക്ക് അഭിമുഖമായാണ് രൂപകൽപന ചെയ്യുക. ഇൗ വർഷം ഒക്ടോബറോടെ പദ്ധതി നടപ്പിൽ വരുന്ന വിധത്തിലാണ് പ്രമുഖ ആഗോള ഹോട്ടൽ ഗ്രൂപ്പുമായി പങ്കാളിത്തം ഉറപ്പിച്ചിരിക്കുന്നത്. വിഷൻ 2030മായി ബന്ധപ്പെട്ടുള്ള നിക്ഷേപ സാധ്യതകൂടി പരിഗണിച്ചാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. 2035 ആവുമ്പോഴേക്കും പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആതിഥേയത്വം നൽകാനാണ് ഇൗ പദ്ധതിയിലൂടെ കമീഷൻ ഉദ്ദേശിക്കുന്നത്.
ഇതിലൂടെ 38,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിവിധ എക്സിബിഷൻ, കോൺഫറൻസ്, വിനോദ വേദി എന്നിവ ഉൾക്കൊള്ളുംവിധം മിറർ ഘടനയിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോൺഫറൻസ് ഹാൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വ്യത്യസ്ത സാംസ്കാരിക പരിപാടികൾ, ബിസിനസ് ഒത്തുചേരലുകൾ, സമ്മേളനങ്ങൾ എന്നിവക്കായി ഈ ഹാൾ ഉപയോഗപ്പെടുത്തും. സാംസ്കാരിക, പൈതൃക, പ്രകൃതി ലക്ഷ്യസ്ഥാനമെന്ന നിലയിൽ അൽഉലയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യം അക്കോറിെൻറ ബാനിയൻ ട്രീ ബ്രാൻഡുമായി സഹകരിക്കുന്നതിലൂടെ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് റോയൽ കമീഷൻ ഫോർ അൽഉല സി.ഇ.ഒ അമർ അൽ മദനി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.