അൽഉലാ ലോക പുരാവസ്തു ഉച്ചകോടി സെപ്റ്റം. 13 മുതൽ 15 വരെ
text_fieldsജിദ്ദ: ലോക പുരാവസ്തു ഉച്ചകോടി സൗദി അറേബ്യയിലെ അൽഉലായിൽ ഈ മാസം 13 മുതൽ 15 വരെ നടക്കും. പുരാവസ്തു സാംസ്കാരിക പൈതൃക മേഖലകളിലെ മുന്നൂറിലധികം വിദഗ്ധരും തൽപരരുമായ ആളുകൾ പങ്കെടുക്കും. അൽഉലാ ഗവർണറേറ്റ് റോയൽ കമീഷനാണ് സംഘാടകർ.
രാജ്യത്തിനകത്തും പുറത്തുംനിന്ന് ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ കമീഷൻ പ്രഖ്യാപിച്ചു. അൽഉലായിലെ മറായ ഹാളിലാണ് (കണ്ണാടി ബംഗ്ലാവ്) ലോക സമ്മേളനം.
വിവിധ സെഷനുകളിലും സംവാദ പരിപാടികളിലുമായി 80 പ്രസംഗകർ പങ്കെടുക്കും. കൂടാതെ ഗവൺമെന്റ്, ഗവൺമെന്റ് ഇതര സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ ഡസൻ കണക്കിന് ആളുകളും ഉച്ചകോടിയിലുണ്ടാകും.
മീറ്റിങ്ങുകളിലും ഡയലോഗ് സെഷനുകളിലും ഉച്ചകോടി പുരാവസ്തുശാസ്ത്രം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികളായിരിക്കും നടക്കുക. ലോകമെമ്പാടുമുള്ള പുരാവസ്തു കണ്ടെത്തലുകൾ വർധിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും ഉച്ചകോടി വലിയ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിന്റെ മുൻനിര ആഗോള കേന്ദ്രമായ അൽഉലായുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുന്ന അൽഉലാ റോയൽ കമീഷന്റെ സംരംഭങ്ങളിലൊന്നാണ് ഉച്ചകോടി.
സാംസ്കാരിക പൈതൃകത്തിൽനിന്നും ശാസ്ത്രീയ പുരോഗതിയിൽനിന്നും നേടിയ വിവരങ്ങളും കാഴ്ചപ്പാടുകളും മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗവുമാണ്. പ്രഭാഷകർക്കും പങ്കെടുക്കുന്നവർക്കുമായി അൽഉലായിലെ പ്രധാന പൈതൃക കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കും.
പുരാവസ്തുശാസ്ത്രവും ഈ മേഖലയിലെ സമകാലിക ആഗോള പ്രശ്നങ്ങളും തമ്മിലുള്ള ശാസ്ത്രീയ ചർച്ചക്കും സഹകരണത്തിനും നവീകരണത്തിനുമുള്ള ഒരു ആഗോളവേദി പ്രദാനം ചെയ്യും.
സാംസ്കാരിക പൈതൃകത്തിൽനിന്ന് ഉരുത്തിരിഞ്ഞ പൊതുദർശനങ്ങളിലും പരിഹാരങ്ങളിലും എത്തിച്ചേരാനാകും. ചരിത്രപരവും ഭൂമിശാസ്ത്രപരവും പൈതൃകപരവുമായ വിവിധ ആകർഷണങ്ങൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകേന്ദ്രങ്ങളുടെ ഭൂപടത്തിൽ അൽഉലായുടെ സാന്നിധ്യം ഉറപ്പിക്കലും ഉച്ചകോടിയിലൂടെ റോയൽ കമീഷൻ ലക്ഷ്യമിടുന്നുണ്ട്.
അതോടൊപ്പം മനുഷ്യ നാഗരികതയുടെ ചരിത്രം പറയുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നായതിനാൽ അന്താരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തം സജീവമാക്കാനും ഉദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.