സഹസ്രാബ്ദങ്ങളുടെ പ്രാചീന പെരുമയാൽ അൽഉല
text_fieldsയാംബു: സഹസ്രാബ്ദങ്ങളുടെ പ്രാചീന പെരുമയാൽ ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട മദാഇൻ സ്വാലിഹ് ഉൾപ്പെടുന്ന അൽഉല പുരാവസ്തു മേഖല സന്ദർശകർക്കായി തുറന്നു. നവീകരണ പ്രവർത്തനങ്ങൾക്കായി 2017 മുതൽ അടച്ചിട്ട കേന്ദ്രം ശനിയാഴ്ചയാണ് വീണ്ടും തുറന്നത്. ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സഹായിക്കുന്ന വിവിധ പദ്ധതികളാണ് ഇവിടെ പൂർത്തിയായത്.
ഏറ്റവും വലിയ ലിവിങ് മ്യൂസിയമാക്കാനുള്ള അവസാന തയാറെടുപ്പും അൽഉല റോയൽ കമീഷൻ അതോറിറ്റി ഇവിടെ പൂർത്തിയാക്കുന്നുണ്ട്. വീണ്ടും കവാടങ്ങൾ തുറന്നപ്പോൾ പ്രവേശനരീതിയിൽ മാറ്റംവന്നിട്ടുണ്ട്. സന്ദർശനം പാസിെൻറ അടിസ്ഥാനത്തിലാണ്. ടിക്കറ്റെടുത്താണ് സന്ദർശകർ മേഖലയിൽ പ്രവേശിക്കേണ്ടത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. പൈതൃകാവശിഷ്ടങ്ങളായ ശിലാനിർമിതികളുടെ കൂട്ടത്തിൽ 'ഖസ്ർ അൽഫരീദാ'ണ് മുഖ്യ ആകർഷകം. മറ്റ് കൊട്ടാരങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇതിെൻറ നിർമിതി. ഒറ്റ പാറയിൽ തീർത്ത ഭീമാകാരമായ കൊട്ടാരമെന്നതാണ് ഇതിെൻറ സവിശേഷത.
അറേബ്യൻ ഉപദീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃക കേന്ദ്രമാണ് മദാഇൻ സ്വാലിഹ്. 2008ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ആദ്യം ഇടംനേടിയ കേന്ദ്രമാണിത്. മനുഷ്യചരിത്രത്തിൽ ഒരുകാലത്ത് വൻ പ്രതാപത്തോടെ നിലനിൽക്കുകയും പിന്നീട് നാമാവശേഷമാകുകയും ചെയ്ത ഒരു നാഗരികതയുടെ അവശിഷ്ടമായ മദാഇൻ സ്വാലിഹ് അൽഉല ഗവർണറേറ്റിന് കീഴിലാണ്. 13.5 കിലോമീറ്ററോളം ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നതാണ് ഇൗ മേഖല. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ജോർഡനിലെ 'പെട്ര'ആസ്ഥനമായി നിലവിലുണ്ടായിരുന്ന 'നബാതിയൻ'സാമ്രാജ്യത്തിെൻറ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു മദാഇൻ സ്വാലിഹ്.
പർവതങ്ങളിലെ ഭീമാകാരമായ പാറകൾ തുരന്നാണ് വീടുകൾ നിർമിച്ചിട്ടുള്ളത്. ഇൗ വിസ്മയ നിർമിതികളിൽ മനോഹരമായ കൊത്തുപണികൾ ഉല്ലേഖനം ചെയ്തിരിക്കുന്നു. പാറകളിൽ കൊത്തിയുണ്ടാക്കിയ 153 നിർമിതികൾ ഇതുവരെ ഇവിടെ കണ്ടെത്തിയിട്ടുള്ളത്. പാറകള്‍ തുരന്ന് വീടുകള്‍ തയാറാക്കിയതില്‍ ചെറുതും വലുതുമായ 132 ശിലാവനങ്ങള്‍ ഈ മേഖലയിലുണ്ട്. മദാഇൻ സ്വാലിഹ് അടക്കമുള്ള അൽഉല മേഖലയിൽ ഇനിയും കണ്ടെത്താനുള്ള പുരാവസ്തുക്കളുണ്ടെന്ന് സംശയിക്കുന്നു. സമൂദ് ഗോത്രത്തിെൻറ വാസ്തുശിൽപ നിർമാണ നൈപുണ്യം മനസ്സിലാക്കാനുതകുന്ന വീടുകള്‍ക്ക് പുറമെ 60ഒാളം കിണറുകളും ഇൗ മേഖലയിലുണ്ട്. അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ലിഖിതങ്ങളും ചിത്രകലകളും അല്‍ഉല മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നവീകരണ പ്രവർത്തനമാണ് പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.